മൃഗസംരക്ഷണ മേഖലയിലെ പുതുസംരംഭകർക്ക് സഹായം ഉറപ്പാക്കും ; മന്ത്രി ജെ. ചിഞ്ചു റാണി

തിരുവനന്തപുരം : മൃഗസംരക്ഷണമേഖലയിലെ പുതു സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ വകുപ്പ് മുഖേന ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ ചാണപ്പാറ സന്മർഗദായിനി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച കുടുംബശ്രീ യൂണിറ്റുകള്‍ മുഖേനയുള്ള തീറ്റപ്പുല്‍ കൃഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവാസികൾ ഉൾപ്പെടെ ധാരാളം പുതു സംരംഭകർ കന്നുകാലി, ആടുവളർത്തൽ മേഖലയിലേക്ക് എത്തുന്നുണ്ട്. ഇവർക്ക് കൂടുതൽ പ്രയോജനകരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. കൂടാതെ 50 ശതമാനം സബ്സിഡിയോടുകൂടി ധന സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷീരമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കുടുംബശ്രീ പ്രവർത്തകർക്കായാണ് തീറ്റപ്പുൽകൃഷി പരിശീലനം. വിലകൂടിയ കാലിത്തീറ്റകൾ വാങ്ങി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് തീറ്റപ്പുൽകൃഷി സഹായകരമാകും. ക്ഷീര കർഷക ക്ഷേമനിധി ബോർഡ് മുഖേനയും ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രകൃതി ദുരന്ത മേഖലകളിൽ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കർഷകർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.

ഒരേക്കര്‍ വീതമുള്ള 500 യൂണിറ്റ് പുല്‍കൃഷിത്തോട്ടം ഏഴ് ജില്ലകളില്‍ സ്ഥാപിക്കും. ഒരു യൂണിറ്റ് പുല്‍കൃഷിത്തോട്ടം സ്ഥാപിക്കുന്നതിന് കര്‍ഷകര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പരമാവധി 16,000 രൂപ വരെ ധനസഹായം നല്‍കും. തിരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ കൃഷി നടത്തുന്നതിനും പരിപാലിക്കുന്നതിനും ഉള്ള പരിശീലനവും നല്‍കും. തീറ്റപ്പുല്‍ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കെ.എല്‍.ഡി ബോര്‍ഡ് ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കും.

ചടങ്ങിൽ ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ അധ്യക്ഷയായി.നടീല്‍വസ്തുക്കളുടെ വിതരണോദ്‌ഘാടനം ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. അമൃത നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സുജ ടി.നായർ, ഡെപ്യൂട്ടി ഡയറക്ടർ ബി. എസ് നിഷ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വി. ആർ അജു, കെ.എൽ.ഡി.ബി മാനേജിങ് ഡയറക്ടർ ഡോ. ജോസ് ജെയിംസ്, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles