ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിനായുള്ള സഞ്ജുവിന്റെ തുടക്കം നിരാശപ്പെടുത്തുന്നതാണ്. ആദ്യ മൂന്ന് മത്സരത്തിലും സ്കോർ രണ്ടക്കം കടത്താൻ സഞ്ജുവിനായില്ല. ഇതിനിടയില്‍ പാലക്കാട് എത്തിയ സഞ്ജു ഒരു യുവാവിന് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. കളിക്കളത്തിലെ മാന്യത കൊണ്ടും പെരുമാറ്റത്തിലെ എളിമ കൊണ്ടും ആരാധകരുടെ പ്രിയങ്കരനാണ് സഞ്ജു. പാലക്കാട് കടമ്പഴിപ്പുറത്ത് വെച്ച് സെല്‍ഫി എടുക്കാനെത്തിയ ആരാധകനാണ് സഞ്ജു സാംസണ് ഫോണ്‍ സമ്മാനമായി നല്‍കിയത്. കടമ്പഴിപ്പുറം സ്വദേശിയായ ടി. ശബരീഷിനാണ് സഞ്ജുവില്‍ നിന്ന് അപ്രതീക്ഷിതമായി ഈ വിലപ്പെട്ട സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ പുഞ്ചപ്പാടം സ്കൂള്‍ ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചായിരുന്നു സംഭവം. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മഞ്ഞ ജേഴ്സിയണിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കാൻ പോവുകയായിരുന്നു ശബരീഷ്. ഈ സമയത്താണ് റോഡരികില്‍ പാർക്ക് ചെയ്തിരുന്ന കറുത്ത റേഞ്ച് റോവറിന് സമീപം സഞ്ജു സാംസണെ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ പ്രിയ താരത്തെ നേരിട്ട് കണ്ട ആവേശത്തില്‍ ശബരീഷ് ഒരു സെല്‍ഫി ചോദിക്കുകയായിരുന്നു. എന്നാല്‍ സെല്‍ഫി എടുക്കാൻ നോക്കിയപ്പോള്‍ ശബരീഷിന്റെ ഫോണിന്റെ ഡിസ്പ്ലേ തകരാറിലായതിനാല്‍ ചിത്രം വ്യക്തമായിരുന്നില്ല. “ഡിസ്പ്ലേ കേടായല്ലോ” എന്ന് സഞ്ജു ചോദിച്ചു. പിന്നെ ശബരീഷിനെ അക്ഷരാർത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു പിന്നീട് നടന്ന കാര്യങ്ങള്‍.
കാറില്‍ നിന്ന് ഇറങ്ങി ഡിക്കി തുറന്ന് പുതിയ ഫോണ്‍ എടുത്ത് ശബരീഷിന് നല്കി. “ഫോണ്‍ കംപ്ലയിന്റ് അല്ലേ, ഇത് എടുത്തോ…” എന്ന് പറഞ്ഞ് സഞ്ജു തന്റെ കയ്യിലിരുന്ന പുതിയ സ്മാർട്ട്ഫോണ്‍ ശബരീഷിന് നേരെ നീട്ടുകയായിരുന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും സഞ്ജുവിന്റെ നിർബന്ധത്തിന് വഴങ്ങി ശബരീഷ് ആ സ്നേഹസമ്മാനം സ്വീകരിച്ചു. 40,000 രൂപയോളം വിലവരുന്ന ഫോണാണ് സഞ്ജു സമ്മാനമായി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട ശബരീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, “വൈകുന്നേരം കളിക്കാന്‍ വേണ്ടി മംഗലംകുന്നു ഗ്രൗണ്ടിലേക്ക് കടമ്പഴിപ്പുറത്തു നിന്നും ബൈക്കില്‍ പോവുകയായിരുന്നു ഞാനും മണിയും.. പഞ്ചാപാടം സ്കൂള്‍ ബസ് സ്റ്റോപ്പ് കഴിഞു സൈഡില്‍ ഒതുക്കി നിര്‍ത്തിയ ഒരു പുതിയ Range Rover കാര്‍ ശ്രദ്ധിച്ചു നോക്കിയപ്പോ അതില്‍ വീഡിയോ കാള്‍ ചെയ്തു ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നു നമ്മുടെ സ്വന്തം @imsanjusamson ബൈക്ക് തിരിച്ചു കാര്‍ അടുത്തേക്ക് വന്നപ്പോ ഒരു മിനിറ്റ് കാള്‍ ചെയ്ക്കയാണ് എന്ന് പറഞ്ഞു.
കാള്‍ കട്ട് ചെയ്തതിനു ശേഷം ഫോട്ടോ എടുക്കണോ എന്ന് ചോദിച്ചു വേണം എന്ന് ഞാന്‍ പറഞ്ഞ് ഞാന്‍ ഫോണ്‍ എടുത്തു എന്റെ ഫോണ്‍ Samsung S22 Ultra update ചെയ്തപ്പോ ഡിസ്പ്ലേ യില്‍ ലൈന്‍ വന്ന ഒരു ഫോണ്‍ ആയിരുന്നു.. അത് കണ്ട സഞ്ജു ചേട്ടന് ഒരു മിനിറ്റ് പറഞ്ഞ് കാര്‍ നിന്നും ഇറങ്ങി ടിക്കി തുറന്നു അതില്‍ നിന്നും എനിക്ക് ഒരു ഫോണ്‍ എടുത്തു തന്നു പറഞ്ഞു… നിന്റെ ഫോണ്‍ ഡിസ്പ്ലേ കംപ്ലയിന്റ് ഉള്ളത് അല്ലെ ഇത് നീ എടുത്തോ എന്ന് പറഞ്ഞ് അഹ് ഫോണ്‍ എനിക്ക് തന്നു…’ ലോകകപ്പ് ഹീറോയില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനത്തിന്റെ ആവേശത്തിലാണ് ശബരീഷും സുഹൃത്തുക്കളും. സ്നേഹപൂർവ്വം ആരാധകർ വിളിക്കുന്ന ‘ചേട്ടൻ’ വെറുമൊരു വാക്കല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ മലയാളി താരം.

