സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട ; പൊട്ടിത്തെറിയ്ക്ക് മുൻപ് ഫോണുകൾ ചില സിഗ്നലുകൾ നൽകും ; ഏറ്റവും കുറഞ്ഞത് ശ്രദ്ധിക്കേണ്ടത് 3 കാര്യങ്ങൾ ; പൊലീസ് നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ

തൃശൂര്‍: മരോട്ടിച്ചാലില്‍ ചായക്കടയില്‍ വെച്ച്‌ 76 കാരന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന് മൊബൈല്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്.പൊട്ടിത്തെറിയടക്കമുള്ള അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്നല്‍ തരാറുണ്ടെന്നും ചുരുങ്ങിയത് 3 കാര്യങ്ങള്‍ എങ്കിലും ശ്രദ്ധിക്കണമെന്നും കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പോസിറ്റീവ് – നെഗറ്റീവ് ഇലക്‌ട്രോഡുകളടങ്ങിയ ലിഥിയം- അയണ്‍ ബാറ്ററികളാണ് സ്മാര്‍ട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാര്‍ജ് പെട്ടെന്ന് തീരുന്നു, ചാര്‍ജ് കയറാന്‍ താമസം എന്നിവയാണ് മൊബൈല്‍ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചനയെന്നും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും കുറിപ്പില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പൊലീസിന്‍റെ കുറിപ്പ്

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ ഉണ്ടാകുന്ന അപകടങ്ങള്‍ അടുത്തിടെയായി ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈല്‍ ഫോണുകള്‍. കുഞ്ഞുങ്ങള്‍ക്കു കൊടുക്കുമ്ബോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്ബോഴും നമ്മുടെ മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്. അപകടം വരുന്നതിനു മുന്‍പു മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്നല്‍ തരുന്നുണ്ട്. അതൊന്ന് ശ്രദ്ധിക്കണം എന്നുമാത്രം. പോസിറ്റീവ് – നെഗറ്റീവ് ഇലക്‌ട്രോഡുകളടങ്ങിയ ലിഥിയം- അയണ്‍ ബാറ്ററികളാണ് സ്മാര്‍ട്ട്ഫോണുകളിലുള്ളത്. ബാറ്ററിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് തകരാറുണ്ടായാല്‍ അത് ഫോണിനെ മുഴുവന്‍ ബാധിക്കും.

തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാല്‍ വലിയ അപകടം ഒഴിവാക്കാം. ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാര്‍ജ് പെട്ടെന്ന് തീരുന്നു, ചാര്‍ജ് കയറാന്‍ താമസം എന്നിവയാണ് മൊബൈല്‍ ഫോണിന് തകരാറുണ്ടെന്നതിന് ആദ്യം ലഭിക്കുന്ന സൂചന.

മൊബൈല്‍ ഫോണുകള്‍ താഴെ വീഴുമ്പോള്‍ ചെറുതോ വലുതോ ആയ തകരാര്‍ അതിന് സംഭവിക്കുന്നുണ്ട്. താഴെ വീണാല്‍ മൊബൈല്‍ ഒരു സര്‍വീസ് സെന്ററില്‍ കൊടുത്ത് പരിശോധിച്ച്‌ പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കില്‍ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളം അല്ലെങ്കില്‍ വിയര്‍പ്പ് തുടങ്ങിയവ ബാറ്ററിയിലേക്ക് പ്രവേശിക്കാന്‍ കാരണമാകും. അത് ഡിസ്പ്ലേയിലൂടെയോ ഫോണിന്റെ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം. അതുകൊണ്ടു തന്നെ തകരാര്‍ വന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമാണ്.

അതിവേഗം ചാര്‍ജ് കയറുന്ന അഡാപ്റ്ററുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം. സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ലഭിക്കുന്ന ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. പവര്‍ കൂടിയ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മര്‍ദം കൂടാനും അത് മൊബൈല്‍ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. മൊബൈല്‍ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികള്‍ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈല്‍ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്.

ഗുണമേന്മയില്ലാത്ത ലിഥിയം- അയണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നത് മൊബൈല്‍ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാന്‍ കാരണമാകും. ഉപയോഗിച്ചു കൊണ്ടിരിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാല്‍ അത് മാറ്റി വയ്ക്കുക. ചാര്‍ജ് ചെയ്യുകയാണെങ്കില്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.ഡ്രൈവിങിനിടെ കാറിലെ ചാര്‍ജിങ് അഡാപ്റ്ററില്‍ ഫോണ്‍ കുത്തിയിടുന്നതിലും നല്ലത് പവര്‍ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറില്‍ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം സുരക്ഷിതമാകണമെന്നില്ല.

പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോള്‍ മൊബൈല്‍ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈല്‍ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാല്‍ അത് വന്‍ ദുരന്തത്തിലാകും കലാശിക്കുക. രാത്രി മുഴുവന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിടുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതും നല്ലതല്ല. എല്ലായ്പ്പോഴും നൂറ് ശതമാനം ചാര്‍ജ് കയറിയതിനു ശേഷം മാത്രമേ ഫോണ്‍ ചാര്‍ജറില്‍ നിന്ന് വേര്‍പെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാര്‍ജായാല്‍ തന്നെ മതി. ഇത് ബാറ്ററി ഈട് നില്‍ക്കാനും സഹായിക്കും. കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടാല്‍ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതില്‍ സംശയമില്ല.

ചാര്‍ജ് ചെയ്യാനായി കുത്തിയിടുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം. സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാര്‍ജിങ്ങിനിടെ മൊബൈലിന്റെ മുകളില്‍ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവര്‍ സ്ട്രിപ്പുകള്‍ അല്ലെങ്കില്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കും.

സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടായല്‍ കമ്പനി സര്‍വീസ് സെന്ററുകളെ സമീപിക്കുന്നതാണ് നല്ലത്. ഏതെങ്കിലും കടയില്‍ കൊടുത്ത് നന്നാക്കാം എന്നു വിചാരിച്ചാല്‍ അത് റിസ്ക് ഇരട്ടിയാക്കുമെന്ന് ഓര്‍ക്കുക. ഇങ്ങനെ ചെറിയ ചില കാര്യങ്ങളിലെ കരുതല്‍ നമ്മുടെ കയ്യിലെ മൊബൈല്‍ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കും.

Hot Topics

Related Articles