തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദ പ്രസംഗം ;ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലടക്കം നടത്തിയത് ധ്രുവീകരണ പ്രസംഗമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മതത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് സംവരണം നടപ്പാക്കാൻ ശ്രമിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്നും അത് ധ്രുവീകരണമല്ലെന്നും മോദി പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഏക സിവിൽ കോഡ് യാഥാർഥ്യമാക്കാൻ സാധ്യമായ എല്ലാം ചെയ്യും. ഓരോ സമുദായത്തിനും ഓരോ നിയമങ്ങൾ എന്നത് സമൂഹത്തിന് നല്ലതല്ല. ഒരു സമുദായം ഭരണഘടനയുടെ പിന്തുണയിൽ പുരോഗതി നേടുന്നു. മറ്റൊരു സമുദായത്തിന് പ്രീണനത്തിൻ്റെ പേരിൽ പുരോഗതി കൈവരിക്കാനാകുന്നില്ല എന്നതാണ് അവസ്ഥയെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.ഇതിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോടും തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു.

 ഇരുവരും പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി. ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്. ഇന്ന് 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്നതായിരുന്നു മോദിയുടെ വിവാദ പരാമ‍ർശങ്ങളിലൊന്ന്. ‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?’ എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

Hot Topics

Related Articles