ന്യൂഡൽഹി:ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയെ അംഗീകരിച്ച് 2023 ലെ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന് ലഭിച്ചു. 2025 സെപ്‌തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സ് വേദിയിൽ പുരസ്കാരം സമ്മാനിക്കും.പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. “ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ല, മലയാള സിനിമയ്ക്കും സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും, മലയാള ഭാഷയ്ക്കും കേരളത്തിനുമൊക്കെ ചേർന്ന് ലഭിച്ച അംഗീകാരമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
നടി ഉർവശി ഈ പുരസ്കാരത്തെ സ്വാഗതം ചെയ്തു. “ഈ നൂറ്റാണ്ടിൽ കേട്ടതിൽ വെച്ച് ഏറ്റവും വലിയ സന്തോഷകരമായ വാർത്തയാണ് മോഹൻലാലിന് പുരസ്കാരം ലഭിച്ചതെന്നത്. പുരസ്കാരം വൈകിയെത്തിയെന്ന് ഞാൻ പറയില്ല. ഇനിയുമേറെ അംഗീകാരങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു,” എന്നും അവര്‍ അഭിപ്രായപ്പെട്ടു.അവരുടെ വാക്കുകളിൽ പ്രതിഷേധത്തിന് അറുതി വന്നതുമാണ്. ദേശീയ അവാർഡ് ജുറിയുടെ നടപടിയെ കുറിച്ച് മുൻപ് രൂക്ഷമായി വിമർശിച്ചിരുന്ന ഉർവശി, “ഞാനും വിജയരാഘവനും പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മികച്ച നടനും നടിയും ആയി പരിഗണിക്കാവുന്ന വേഷങ്ങളായിരുന്നു അവ. എന്നിട്ടും സഹനട-സഹനടിയിലൊതുക്കി. ഇതിന് ജുറി വിശദീകരണം നൽകണം” എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടിരുന്നത്.രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്ര യുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താനാണ് 1969-ൽ കേന്ദ്രസർക്കാർ ഈ പുരസ്കാരം ആരംഭിച്ചത്.