കുറവിലങ്ങാട് : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി പയസ് മൗണ്ട് കുഴിപ്പിത്തോട് ഭാഗത്ത് ആലവേലിൽ വീട്ടിൽ ജോസ് മകൻ ജോമോൻ ജോസ് (34) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ഉഴവൂർ ടൗൺ ഷാപ്പിനോട് ചേർന്നുള്ള റൈസ് മില്ലിന് മുൻവശം വച്ച് ബംഗാള്‍ സ്വദേശിയായ ഷെമീർ എന്ന് വിളിക്കുന്ന ഷേക്ക്ടയാബ് എന്നയാളെയാണ് കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഷെമീറും ജോമോനും സുഹൃത്തുക്കൾ ആയിരുന്നു. ഷെമീർ ജോമോന് മദ്യം വാങ്ങി കൊടുത്തില്ല എന്നുപറഞ്ഞ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും, തുടര്‍ന്ന് ജോമോന്‍ തന്റെ അരയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷെമീറിനെ കുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്,എസ്.ഐ സദാശിവൻ,അനിൽകുമാർ,എ.എസ്.ഐ സാജുലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.