മോൻസൻ മാവുങ്കൽ തട്ടിപ്പ്; ആരോപണ വിധേയന് അഡീഷണൽ എസ്.പിയായി നിയമനം; നിയമനം നൽകിയത് എറണാകുളത്ത് തന്നെ

തിരുവനന്തപുരം: കൊച്ചിയിലെ മോൻസൺ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മോൻസണിന്റെ വീട്ടിലെ നിത്യസന്ദർശകൻ എന്ന് ആരോപണ വിധേയനായ ഡിവൈ.എസ്.പി കെ.ലാൽജിയ്ക്ക് സ്ഥാനക്കയറ്റം. വിവാദം കത്തി നിൽക്കുന്നതിനിടെ എറണാകുളം റൂറലിൽ അഡീഷണൽ എസ്.പിയായാണ് ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. വിവാദത്തിനിടെ ഏറെ സുപ്രധാനമായ തസ്തികയിൽ ഇദ്ദേഹത്തെ നിയമിച്ചത് ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്.

Advertisements

മോൻസണെതിരെ പരാതിക്കാർ നൽകിയ പരാതിയിൽ പ്രധാനപ്പെട്ട പേരുകാരിൽ ഒരാളായിരുന്നു കെ.ലാൽജി. തട്ടിപ്പിന് ഇരയായ ആളുകൾ പണത്തിന് സമീപിക്കുമ്പോൾ വീട്ടിൽ വിളിച്ചു വരുത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മോൻസൺ രക്ഷപെട്ടിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഡി.ഐ.ജി സുരേന്ദ്രൻ, എറണാകുളത്തെ മുൻ അസി.കമ്മിഷണർ കെ.ലാൽജി, നേരത്തെ ചേർത്തല സി.ഐ ആയിരുന്ന അനന്തലാൽ എന്നിവർ മോൻസണിന്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നതായി പരാതിക്കാരൻ നൽകിയ പരാതിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പരാതിയിൽ പേരുള്ള കെ.ലാൽജിയെയാണ് വിഷയത്തിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ പൊലീസിലെ ഉന്നതരുടെ ഇടപെടലിനെ തുടർന്നു കൊച്ചിയിൽ അഡീഷണൽ എസ്.പിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. സമൂഹത്തിലെ ഉന്നതരുമായി അടക്കം മോൻസണ് സ്വാധീനമുള്ള പശ്ചാത്തലത്തിൽ ലാൽജിയുടെ സ്ഥാനക്കയറ്റത്തിനു പിന്നിലും ആഭ്യന്തര വകുപ്പിലെ ഉന്നതരാണ് എന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഇനിയും അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മോൻസൺ തട്ടിപ്പ് നടത്തിയതെന്നു വ്യക്തമായ വിവരം പുറത്തു വന്നിട്ടുണ്ട്. പൊലീസിനെ തട്ടിപ്പിനായി മോൻസൺ ഏതൊക്കെ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ പോലും ഇനിയും വ്യക്തതയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തട്ടിപ്പ് സംഘത്തിന് വേണ്ട സഹായം ചെയ്തു നൽകിയ പൊലീസ് ഉദ്യോഗസ്ഥരെപ്പറ്റി അന്വേഷണം പോലും നടക്കാത്തത്.

Hot Topics

Related Articles