സംസ്ഥാന പൊലീസിലെ വിവാദങ്ങൾ: മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ ഓൺലൈനായി പങ്കെടുക്കും. മോൺസൻ മാവുങ്കലുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചത്.
പുരാവസ്തു തട്ടിപ്പിനൊപ്പം, പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചർച്ചയാകും.
മോൺസൻ മാവുങ്കലും മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും തമ്മിലെ ബന്ധത്തിൻറെ കടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് സർക്കാരിനെ വെട്ടിലാക്കിക്കഴിഞ്ഞു.
ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൺസന്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്‌റ നിർദ്ദേശിച്ചതും, മുൻ ഡിഐജി സുരേന്ദ്രനും മോണസണുമായുള്ള ബന്ധവും കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമെല്ലാം സംസ്ഥാന പൊലീസിനെ തന്നെ പരുങ്ങലിലാക്കിയിരിക്കുകയാണ്. മോൺസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും സേനക്കാകെ നാണക്കേടായി മാറി.
പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ഉയർന്ന പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

Advertisements

Hot Topics

Related Articles