നവരാത്രിയുടെ പുണ്യദിനങ്ങളിൽ പ്രാർത്ഥനയോടെ നാട്: ഇന്നലെ പൂജ വച്ചു; ഇന്നു മഹാനവമി; നാളെ വിജയദശമി

തിരുവനന്തപുരം: ശക്തിചൈതന്യത്തെയും അക്ഷരദേവതയെയും ഉപാസിക്കുന്ന നവരാത്രിയുടെ മൂന്നാംഘട്ടപൂജകൾ ദുർഗാഷ്ടമിയായ ഇന്നലെ ആരംഭിച്ചു. ഇന്ന് മഹാനവമിയുടെ ഭാഗമായ പൂജകളാകും നടക്കുക. നാളെ കുരുന്നുകൾ ആദ്യക്ഷര മധുരം നുണയും. മഹാലക്ഷ്മീ ചൈതന്യമായ ഇച്ഛാശക്തിയും സരസ്വതീ ചൈതന്യമായ ജ്ഞാനശക്തിയും പാർവതീ ചൈതന്യമായ ക്രിയാശക്തിയും ദുർഗാഷ്ടമി, മഹാനവമി, വിജയദശമി നാളുകളിൽ കൈവരുമെന്നാണ് ആചാര്യമതം. നാളെ രാവിലെ വിജയദശമി ആഘോഷത്തോടൊപ്പം പൂജയെടുപ്പും വിദ്യാരംഭവും നടക്കും.

Advertisements

പുസ്തകങ്ങളും കലാ സംഗീത ഉപകരണങ്ങളും തൊഴിലുപകരണങ്ങളുമൊക്കെയാണ് ഇന്നലെ പൂജയ്ക്ക് വച്ചത്. തമിഴ് ബ്രാഹ്മണ ഗൃഹങ്ങളിൽ നവരാത്രിയുടെ ആദ്യ നാൾ തന്നെ ബൊമ്മക്കൊലു ഒരുക്കിയിട്ടുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്ന നവരാത്രി മണ്ഡപത്തിലും സരസ്വതി പൂജ നടക്കുന്നുണ്ട്. ഇവിടെ ഗ്രന്ഥങ്ങൾക്ക് പകരം താളിയോലകളാണ് പൂജിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണ ക്ഷേത്രങ്ങളിലും വീടുകളിലും ദുർഗാഷ്ടമി മുതൽക്കാണ് സരസ്വതി പൂജ ആരംഭിക്കുന്നത്. മഹാനവമിക്ക് പ്രത്യേക പൂജകൾ നടക്കും. വിജയദശമിക്ക് മംഗളകരമായ പൂജയെടുപ്പോടെ നവരാത്രിയുടെ മുഴുവൻ പുണ്യഫലവും ലഭിക്കുമെന്നാണ് വിശ്വാസം. സാംസ്‌കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദ്യാലബ്ധിക്കും ഐശ്വര്യത്തിനുമാണ് പൂജ വയ്ക്കുന്നത്.

ഇവിടെ പുസ്തകങ്ങളും തൊഴിലുപകരണങ്ങളും പൂജ വയ്ക്കും. പദ്മനാഭപുരത്തു നിന്ന് എഴുന്നള്ളിച്ച സരസ്വതിദേവിയെ പൂജയ്ക്കിരുത്തിയ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലാണ് പ്രധാന നവരാത്രി ആഘോഷം. പ്രത്യേക ദർശനക്രമമുള്ള ഇവിടെ രാവിലെയും വൈകിട്ടും നിരവധി പേരാണ് ദേവിയുടെ അനുഗ്രഹം തേടി തൊഴാനെത്തുന്നത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാസന്റെ നടയിൽ ഇക്കുറി നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് വിദ്യാരംഭം കുറിക്കാനാകും. ആറ്റുകാൽ ഭഗവതി ക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭ ചടങ്ങുകളുണ്ടാകും.

Hot Topics

Related Articles