കാഠ്മണ്ഡു: നേപ്പാളിലെ പ്രക്ഷോഭകർ വീടിന് തീയിട്ടതിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ പൊള്ളലേറ്റ് മരിച്ചു. പ്രതിഷേധക്കാർ അവരെ വീട്ടില്‍ തടഞ്ഞുവെച്ച് വീടിന് തീയിട്ടുവെന്നാണ് റിപ്പോർട്ടുകള്‍. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലെ ദല്ലു ഏരിയയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. ചിത്രകാറിനെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
പ്രക്ഷോഭത്തിനിടെ മന്ത്രിമാരുടെ വസതികള്‍ക്കും സർക്കാർ മന്ദിരങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. 65-കാരനായ നേപ്പാള്‍ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ ഓടിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മന്ത്രിയെ ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.