ജോഷി–ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രം; പ്രിയങ്ക മോഹൻ മലയാളത്തിലേക്ക്, ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന്

കൊച്ചി :മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ ജോഷി – ഉണ്ണി മുകുന്ദൻ കൂട്ടുകെട്ട് ഒടുവിൽ ആരംഭിച്ചു. ജോഷി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ഹൈ-ഒക്ടേൻ ആക്ഷൻ ചിത്രത്തിൽ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് തെന്നിന്ത്യൻ താരം പ്രിയങ്ക മോഹൻ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന് നടക്കും.കന്നട ചിത്രമായ ഓന്ധ് കഥെ ഹെല്ലാ വഴി അഭിനയജീവിതം ആരംഭിച്ച പ്രിയങ്ക മോഹൻ, തമിഴിൽ സൂര്യയോടൊപ്പം എതർക്കും തുണിന്തവൻ, ശിവകാർത്തികേയനൊപ്പം ഡോക്ടർ, ഡോൺ, ധനുഷിനൊപ്പം ക്യാപ്ടൻ മില്ലർ, ജയം രവിയോടൊപ്പം ബ്രദർ എന്നീ ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുണ്ട്.

Advertisements

ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എൻ മേൽ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു. ഇപ്പോൾ റിലീസിനൊരുങ്ങുന്ന പവൻ കല്യാണിന്റെ ഒജിയിലും പ്രിയങ്ക നായികയാണ്.ജോഷിയുടെ ജന്മദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ ചടങ്ങും നടന്നത്. ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ തന്നെ സിനിമയ്ക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ ഫിലിംസും ഐൻസ്റ്റിൻ മീഡിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.സിനിമയ്ക്ക് വേണ്ടി ഉണ്ണി മുകുന്ദൻ ഒരു മാസത്തിലധികം ദുബായിൽ പ്രത്യേക പരിശീലനം നേടിയിരുന്നു. കഥയും സംഭാഷണവും എഴുതുന്നത് കിംഗ് ഒഫ് കൊത്തയുടെ തിരക്കഥാകൃത്ത് അഭിലാഷ് എൻ. ചന്ദ്രൻ ആണ്. പോസ്റ്റ്പ്രൊഡക്ഷൻ ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ മുൻനിര സാങ്കേതിക വിദഗ്ധർ ചിത്രത്തിനൊപ്പം പ്രവർത്തിക്കും. ഉടൻ കൊടുങ്ങല്ലൂരിൽ ചിത്രീകരണം ആരംഭിക്കും.

Hot Topics

Related Articles