കൊച്ചി:അതിഥി തൊഴിലാളി കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിൽ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടതിന് ശേഷം പട്ടാപ്പകൽ നടന്ന കവർച്ചയിൽ പ്രതികൾ പൊലീസ് പിടിയിലായി. പള്ളുരുത്തി MLA റോഡിൽ താമസിക്കുന്ന സദ്ദാം (35), അസിബ് ശിഹാബ് (38) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത ബാഗും മൊബൈൽ ഫോണും പണവും പൊലീസ് പിന്നീട് പ്രതികളിൽ നിന്ന് വീണ്ടെടുത്തു.പനങ്ങാട് പൊലീസ് നൽകിയ വിവരമനുസരിച്ച്, കുമ്പളം സൗത്ത് ഹോളി മേരി കോളേജിനടുത്ത് താമസിക്കുന്ന അസം സ്വദേശിയുടെ വീട്ടിലാണ് സംഭവം നടന്നത്. വർഷങ്ങളായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബസമേതം ചെറിയ ജോലികൾ ചെയ്‌താണ് അദ്ദേഹം ഇവിടെ കഴിയുന്നത്. പ്രതികൾ ഇടയ്ക്കിടെ വീട്ടിലെത്തിയും ഗുണ്ടാപിരിവ് ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.അടുത്തിടെ പണം നൽകാൻ സാധിക്കില്ലെന്ന് തൊഴിലാളി വ്യക്തമാക്കിയതോടെ, പ്രതികൾ ക്രൂരമായി ആക്രമിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി 5000 രൂപ, മൊബൈൽ ഫോൺ അടങ്ങിയ ബാഗ് എന്നിവ പിടിച്ചെടുത്തു കൊണ്ടുപോകുകയും ചെയ്തു.
മർദനത്തിൽ പരിക്കേറ്റ പരാതിക്കാരൻ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും, പിന്നാലെ നടത്തിയ തിരച്ചിലിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പള്ളുരുത്തിയിൽ നിന്ന് പിടികൂടുകയും ചെയ്തു.പ്രതികളെ പിടികൂടിയത് പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ വിപിൻ ദാസ്, എസ്‌ഐ മുനീർ എം എം, പൊലീസുകാരായ അരുണ്‍ രാജ്, ശ്രീജിത്ത് എന്നിവർ അടങ്ങിയ സംഘമാണ്. പൊലീസുകാരെ ആക്രമിച്ചതടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ സദ്ദാമിനും ശിഹാബിനും നേരത്തെ പ്രതിപട്ടികയുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.