ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ മാര്‍ച്ച് നാളെ

കോട്ടയം : കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകളെ കെട്ടിടനിര്‍മാണാനുമതിക്കു വേണ്ട പ്ലാന്‍ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരേ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ബുധന്‍) കോട്ടയം നഗരസഭ മാര്‍ച്ചും ധര്‍ണയും നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 1000 എന്‍ജിനിയര്‍മാര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് പഴയ വെസ്‌ററ് പൊലീസ് സ്റ്റേഷന്‍ മൈതാനത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് കോട്ടയം നഗരസഭയുടെ മുന്നില്‍ സമാപിക്കും. തുടര്‍ന്ന് രാവിലെ 10.30ന് ധര്‍ണ എംഎല്‍എ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ലെന്‍സ്‌ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ എ, ജില്ലാ സെക്രട്ടറി കെകെ അനില്‍ കുമാര്‍, ജില്ലാ ട്രഷറര്‍ ടി സി ബൈജു, മുന്‍ സംസ്ഥാന സെക്രട്ടറി പിഎം സനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ സന്തോഷ് കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ അമ്പതിനായിരത്തിലധികം ലൈസന്‍സ്ഡ് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും തൊഴിലിന് ഭീഷണിയായി മാറുമെന്നും സന്തോഷ് കുമാര്‍ ചൂണ്ടികാട്ടി. കേരളത്തിലെ ലൈസന്‍സികള്‍ സര്‍ക്കാരും ലെന്‍സ്‌ഫെഡും നല്‍കുന്ന പരിശീലനം പൂര്‍ത്തിയാക്കി പ്ലാന്‍ വരക്കാന്‍ തയ്യാറായി വരുന്ന ഘട്ടത്തിലാണ് എം-പാനല്‍ എന്‍ജിനിയര്‍മാര്‍ കുറവാണെന്ന കാരണം പറഞ്ഞ് പ്ലാന്‍ വരയ്ക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തുന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. എം-പാനല്‍ ചെയ്ത ലൈസന്‍സികള്‍ കുറവാണെങ്കില്‍ റഗുലര്‍ ലൈസന്‍സികള്‍ക്ക് എല്ലാവിധ പ്ലാന്‍ വരക്കാനുള്ള അനുവാദം നല്‍കുന്നതിന് പകരം കുടുംബശ്രീകളെ ആശ്രയിക്കുന്നത് ഈ മേഖലയുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ സന്തോഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ കെ അനില്‍ കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ എ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡി വിനയകുമാര്‍, അജിത് എസ്, മുന്‍ സംസ്ഥാന സെക്രട്ടറി പിഎം സനില്‍ കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles