ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗ സമ്മാനദാനച്ചടങ്ങും മത്സരശേഷം നടക്കുന്ന വാർത്താസമ്മേളനവും ബഹിഷ്കരിച്ചു.മത്സരത്തിന് മുൻപും ശേഷവും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും താരങ്ങളും പതിവ് ഹസ്തദാനത്തിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ടോസിനുശേഷം കൈകൊടുക്കാൻ സൂര്യകുമാർ തയ്യാറായിരുന്നില്ല. മത്സരം കഴിഞ്ഞപ്പോൾ പാക് താരങ്ങൾ ഗ്രൗണ്ടിൽ നിന്നെങ്കിലും, ഇന്ത്യൻ താരങ്ങൾ നേരിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഡഗ്‌ഔട്ടിൽ നിന്നിറങ്ങി പതിവ് പോലെ കൈകൊടുക്കുമെന്ന് കരുതിയ പാക് താരങ്ങൾക്ക്, ഇന്ത്യൻ താരങ്ങളുടെ പ്രതികരണം നിരാശയുണ്ടാക്കി.
പിന്നീട് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയപ്പോൾ ജനൽ അടയ്ക്കുന്ന കാഴ്ച മാത്രമാണ് കണ്ടത്. ഇതോടെ പാക് താരങ്ങളും ഗ്രൗണ്ട് വിട്ടു. സംഭവത്തിൽ പ്രതിഷേധിച്ചാണ് ക്യാപ്റ്റൻ സൽമാൻ ആഗ സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് ചടങ്ങിൽ ആരും പങ്കെടുത്തില്ല.“ഇത് സംഭവങ്ങളോട് ഉണ്ടായ സ്വാഭാവിക പ്രതികരണമാണ്. മത്സരശേഷം കൈകൊടുത്ത് പിരിയുക കളിയുടെ ഭാഗമാണ്. എന്നാൽ ഇന്ന് അത് നടന്നില്ല. അതാണ് സൽമാൻ പങ്കെടുക്കാതിരുന്നതിന് കാരണം,” എന്ന് പാക് കോച്ച് മൈക്ക് ഹെസ്സൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച് മത്സരശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവും മത്സരത്തിലെ താരമായ കുൽദീപ് യാദവും മാത്രമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.