കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകൾ പ്രിൻസിപ്പളായ ചങ്ങനാശേരി എൻ.എസ്.എസ് കോളേജിൽ പെൺകുട്ടിയ്ക്കു നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം. അതിക്രമത്തിന് ഇരയായ പെൺകുട്ടി നേരിട്ട് പരാതി നൽകിയിട്ടും കോളേജ് മാനേജ്‌മെന്റോ, പ്രിൻസിപ്പലോ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കോളേജ് മാനേജ്‌മെന്റിന്റെയും പ്രിൻസിപ്പലിന്റെയും ഭാഗത്തു നിന്നും വിഷയത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരായ ബി.കാശിനാഥൻ, അനന്തു ബിജു എന്നിവൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അതിക്രമം നടത്തിയതായി കോളേജിലെ തന്നെ വിദ്യാർത്ഥിനി പ്രിൻസിപ്പളിനും മാനേജ്‌മെന്റിനും പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതിയിൽ നടപടിയില്ലാതെ വന്നതോടെ പെൺകുട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്കു വിഷയത്തിൽ പരാതി നൽകി. ഈ പരാതി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മന്ത്രി പരാതി കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. ഈ പരാതിയിൽ കഴിഞ്ഞ ജനുവരി 18 നാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ആരോപണ വിധേയരായ രണ്ടു വിദ്യാർത്ഥികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്ന് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഗുരുതരമായ അതിക്രമം നടന്നതായും, ഈ പരാതി പരിഗണിക്കുന്നതിൽ കോളേജ് മാനേജ്‌മെന്റിനും പ്രിൻസിപ്പലിനും ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തി. വിഷയത്തിൽ ആദ്യമായി പരാതി നൽകിയ അധ്യാപകനെ കണ്ടു മൊഴിയെടുക്കുന്നതിനായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, സീനിയർ ക്ലർക്കും മുൻകൂട്ടി അറിയിക്കാതെ കോളേജ് ഓഫിസിൽ എത്തി.
എന്നാൽ, ഡെപ്യൂട്ടി ഡയറക്ടർ പ്രിൻസിപ്പളിന്റെ കസേരയിൽ ഇരുന്നതായി ആരോപിച്ച് കോളേജിലെ അധ്യാപകരെയും, വിദ്യാർത്ഥികളായ എസ്എഫ്‌ഐ പ്രവർത്തകരെയും ഉപയോഗിച്ച് ഇരുവരെയും ഉപരോധിച്ചു. തുടർന്ന്, പൂട്ടിയിടുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. വിഷയത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകരുടെ ഭാഗത്തു നിന്നും പെൺകുട്ടിയ്ക്ക് നേരെ ഗുരുതരമായ അതിക്രമം ഉണ്ടായിട്ടും കോളേജ് മാനേജ്‌മെന്റോ പ്രിൻസിപ്പളോ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്നു റിപ്പോർട്ട് പറയുന്നു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകളായ കോളേജ് പ്രിൻസിപ്പൽ എസ്.എഫ്‌ഐ പ്രവർത്തകർക്കൊപ്പം നിന്ന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും, പരാതി അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു വയ്ക്കുകയും ചെയ്യുകയായിരുന്നു. ഇത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ കോളേജ് ഡെപ്യൂട്ടി ഡയറക്ടർ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.