ന്യൂഡൽഹി: ലോകത്തെമ്പാടും ഒമൈക്രോൺ ഭീതി പടരുന്നതിനിടെ, രാജ്യത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ കൊവിഡ് കേസുകൾ ഇരുപതിനായിരത്തിനു മുകളിൽ കയറിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നത്. ഒമൈക്രോൺ കേസുകൾ 1500ന് അടുത്തായി. താൽക്കാലിക ആശുപത്രികൾ ഒരുക്കാനും ഹോം ഐസലേഷൻ നിരീക്ഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. നേരിയ രോഗലക്ഷണമുളളവരെ പാർപ്പിക്കാൻ ഹോട്ടൽ മുറികളടക്കം മാറ്റിവയ്ക്കണമെന്നും സംസ്്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
ഗ്രാമീണമേഖലയ്ക്കും കുട്ടികൾക്കും പ്രത്യേക ശ്രദ്ധനൽകണം. ഓക്സിജൻ, വെന്റിലേറ്റർ തുടങ്ങിവ കൃത്യമായി ഉറപ്പാക്കണം. ദ്രുതപരിശോധന ബൂത്തുകൾ തുടങ്ങണം. പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകൽ, ക്ഷീണം, വയറിളക്കം രേഗലക്ഷണങ്ങളായി കണക്കാക്കി പരിശോധനവേണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം. കുട്ടികൾ സുരക്ഷിതരെങ്കിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് കൗമാരക്കാർക്കുള്ള വാക്സിനേഷൻ റജിസ്ട്രേഷന് തുടക്കമിട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകൾ 35 ശതമാനം കൂടി. 22,775 പേർക്ക് രോഗബാധയും 406 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 10 മന്ത്രിമാരും 20 എംഎൽഎമാരും കോവിഡ് രോഗികളാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. രാജ്യത്ത് 1431 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 454 ഉം ഡൽഹിയിൽ 351 ഉം ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നൂറിൽ കൂടുതൽ കേസുകളുണ്ട്. ചികിൽസ സൗകര്യങ്ങളുടെ ആവശ്യകത പെട്ടെന്ന് ഉയരാമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയിന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി.