ലണ്ടൻ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് ചികിത്സകളിൽ പുതിയ മരുന്നുകൾ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിത്സിക്കുന്നതിനുപയോഗിക്കുന്ന ബാരിസിറ്റിനിബിന്റെ ഉപയോഗം ഡബ്ലൂ.എച്ച്.ഒ ഗൈഡ്ലൈൻ ഡെവലപ്മെന്റ് ഗ്രൂപ്പ് ശുപാർശ ചെയ്തു.
തീവ്രമോ ഗുരുതരമോ ആയ കോവിഡ് രോഗികൾക്ക് കോർട്ടികോസ്റ്റീറോയിഡുകൾക്കൊപ്പം മരുന്ന് ഉപയോഗിക്കാമെന്നും, ഇത് രോഗികളുടെ അതിജീവന സാധ്യത വർധിപ്പിക്കുക്കയും വെന്റിലേറ്ററുകളുടെ ആവശ്യകത കുറക്കുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനുപുറമെ, ഗുരുതരമല്ലാത്ത, എന്നാൽ ഉയർന്ന അപകടസാധ്യതയുള്ളവർക്ക് മോണോക്ലോണൽ ആന്റിബോഡി ചികിത്സയായ സോട്രോവിമാബ് ചികിത്സയും ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ അനുകരിക്കുന്ന ലാബ് നിർമ്മിത സംയുക്തങ്ങളാണ് മോണോക്ലോണൽ ആന്റിബോഡികൾ.
40,000ലധികം രോഗികളെ ഉൾപ്പെടുത്തി നടത്തിയ ഏഴ് ഘട്ട പരീക്ഷണത്തിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശുപാർശ. നിലവിൽ, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന കോവിഡ് ബാധിതർക്ക് ഇന്റർല്യൂക്കിൻ -6 റിസപ്റ്റർ ബ്ലോക്കറുകളും കോർട്ടികോസ്റ്റീറോയിഡുകളും ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്.
യു.എസിലെ മരുന്ന് നിർമ്മാതാക്കളായ എലി ലില്ലിയാണ് ബാരിസിറ്റിനിബ് ഉത്പാദിപ്പിക്കുന്നത്. മരുന്നിന്റെ ജനറിക് പതിപ്പുകൾ ഇന്ത്യയിലും ബംഗ്ലാദേശിലും ലഭ്യമാണ്.
15ദശലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ലോകത്ത് സ്ഥിരീകരിച്ചത്. പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം ശക്തമായതോടെയാണ് കേസുകളിൽ ക്രമാതീതമായ വർധനവുണ്ടാകുന്നത്. യു.എസിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത്.