ഞായറാഴ്ചയും തുറന്നിരിക്കും റേഷൻ കടകൾ; ഓണക്കിറ്റ് വിതരണം തുടരും

തിരുവനന്തപുരം: ഓണക്കിറ്റ് വാങ്ങാത്തവർക്ക് ആശ്വാസമായി, എല്ലാ റേഷൻ കടകളും ഞായറാഴ്ച (ആഗസ്റ്റ് 31) തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ മാസത്തെ റേഷൻ വിഹിതം ഉപഭോക്താക്കൾ നിർബന്ധമായും ഇന്ന് തന്നെ കൈപ്പറ്റണം. സെപ്റ്റംബർ ഒന്നിന് കടകൾക്ക് അവധിയായതിനാൽ, പുതിയ മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ രണ്ടിന് ആരംഭിക്കും.എ.എ.വൈ. കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സെപ്റ്റംബർ മാസത്തിലും ഓണക്കിറ്റ് വിതരണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.അതേസമയം, ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 മുതൽ 29 വരെ നടന്ന ജില്ലാ ഫെയറുകളിൽ സപ്ലൈകോ 73 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തി. ഇതിൽ ജില്ലാ ഫെയറുകളിലെ വിൽപ്പന മാത്രം രണ്ട് കോടിയിലധികമാണ്.

Advertisements

അഞ്ച് ദിവസത്തിനിടെ 10 ലക്ഷത്തിലധികം ഉപഭോക്താക്കൾ സപ്ലൈകോ ശാലകളിൽ നിന്നും സാധനങ്ങൾ സ്വന്തമാക്കി.ഓഗസ്റ്റ് മാസത്തിൽ 29 വരെയുള്ള കണക്ക് പ്രകാരം സപ്ലൈകോയുടെ ആകെ വിൽപ്പന 270 കോടി രൂപയാണ്. ഇതിൽ 125 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവാണ്. ആകെ 42 ലക്ഷം ഉപഭോക്താക്കളാണ് ഈ മാസം സപ്ലൈകോയെ ആശ്രയിച്ചത്.ഓഗസ്റ്റ് 25, 26 തീയതികളിലാണ് ജില്ലകളിൽ ഓണച്ചന്തകളും സപ്ലൈകോയുടെ ജില്ലാ ഫെയറുകളും ആരംഭിച്ചത്. ഓഗസ്റ്റ് 31 (ഞായർ) സെപ്റ്റംബർ 4 (ഉത്രാടം) എന്നി ദിവസങ്ങളിൽ സപ്ലൈകോ ശാലകളും ഓണച്ചന്തകളും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Hot Topics

Related Articles