തിരുവനന്തപുരം:പറവൂരിലെ സപ്ലൈക്കോ ഓണച്ചന്ത ഉദ്ഘാടനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുത്തലുമായി രംഗത്തെത്തി. മന്ത്രി ജി.ആർ. അനിൽ “പച്ചക്കള്ളം” പറഞ്ഞു എന്ന് ആരോപിച്ചത് പ്രകോപിതനായി പറഞ്ഞതാണ് എന്നും പ്രസംഗിച്ചിട്ടില്ലെന്ന് പറഞ്ഞത് ഓർമ്മക്കുറവിന്റെ ഭാഗമായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി.”പച്ചക്കള്ളം” എന്ന പ്രയോഗം അൺപാർലമെന്ററിയാണെന്ന് തിരിച്ചറിഞ്ഞ് അത് “വാസ്തവ വിരുദ്ധം” എന്ന് തിരുത്തി സ്പീക്കർക്ക് എഴുതി നൽകിയിരുന്നു. സഭയുടെ രേഖകളിൽ നിന്ന് “പച്ചക്കള്ളം” എന്ന പ്രയോഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ സ്പീക്കർ എ.എൻ. ഷംസീര്‍ സതീശന്റെ സമീപനത്തെ പ്രശംസിച്ചു.
പ്രകോപിതരായി പറഞ്ഞുപോകുന്നതിൽ തെറ്റ് കണ്ടാൽ അത് തിരുത്തുന്നത് അനുകരണീയ മാതൃകയാണ്, എല്ലാവരും പിന്തുടരേണ്ട സമീപനമാണിതെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.അതേസമയം, പറവൂരിലെ ഓണച്ചന്തയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും വെറും നിലവിളക്ക് കൊളുത്തി മടങ്ങിയെന്നും സതീശൻ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. എന്നാൽ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് അവിടെ പ്രസംഗിക്കുകയും സപ്ലൈക്കോയുടെ ഇടപെടലിനെ പ്രശംസിക്കുകയും ചെയ്തതായി വ്യക്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ച് സപ്ലൈക്കോ ജീവനക്കാരോട് വേദിയിൽ തന്നെ അദ്ദേഹം ചോദിച്ചുറപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈക്കോയുടെ ഇടപെടലിനെക്കുറിച്ച് വാചാലനായിരുന്ന സതീശൻ, പിന്നീട് സഭയിൽ തന്നെ പ്രസംഗം നിഷേധിച്ചതോടെ പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയ്ക്കാണ് തിരിച്ചടിയേറ്റത്. അടിയന്തിര പ്രമേയത്തിന് ബലം നൽകാനായി പറഞ്ഞ ഒരു നുണ തന്നെ സതീശന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുകയാണ്.