പഠനം തുടരാൻ ജാമ്യം നല്‍കണം ;ജാമ്യമാപേക്ഷ സമർപ്പിച്ച് ഒയ്യൂർ കേസിലെ മൂന്നാം പ്രതി അനുപമ 

കൊട്ടാരക്കര: മോചനദ്രവ്യം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാം പ്രതി പി അനുപമയ്ക്കായി കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി – 1 ല്‍ ജാമ്യാപേക്ഷ നല്‍കി.ഇന്നലെയാണ് അഡ്വ. പ്രഭു വിജയകുമാർ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭഗത്ത് നിന്ന് ജാമാപേക്ഷ നല്‍കുന്നത്.കേസില്‍ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാ രാജില്‍ കെ ആർ പത്മകുമാർ ( 51), ഭാര്യ എം ആർ അനിതാ കുമാരി ( 39 ) മകള്‍ പി അനുപമ ( 21) എന്നിവരാണ് പ്രതികള്‍. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നല്‍കണമെന്നാണ് ആവശ്യം. മോചനദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ നവംബർ 27 ന് വൈകീട്ട് നാലരയോടെ ഓയൂരില്‍ നിന്ന് ആറ് വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാർപ്പിച്ചെന്ന കേസില്‍ ആണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.കുട്ടിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കൊല്ലത്തെ പൊതുസ്ഥലത്ത് കുട്ടിയെ ഉപേക്ഷിച്ച്‌ കാറില്‍ തമിഴ്നാട്ടിലേക്ക് പ്രതികള്‍ കടന്നത്. ഡിസംബർ 2 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം നടത്തിയ കാെല്ലം റൂറല്‍ ക്രൈബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കി.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് അന്വേഷിച്ചിരുന്നു. തുടക്കത്തില്‍ തന്നെ പോലീസിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ മോചന ദ്രവ്യം ആവശ്യപ്പെട്ട് രണ്ട് ഫോണ്‍ കോളുകളാണ് മാതാപിതാക്കള്‍ക്ക് വന്നത്. പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഈ ഫോണ്‍ കോളുകള്‍ എത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടുപോയി എട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് കൂടുതല്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമത്തെ ഫോണ്‍കോള്‍ വന്നത്. 10 ലക്ഷം രൂപയാണ് പ്രതികള്‍ രണ്ടാമത് ആവശ്യപ്പെട്ടത്.തങ്ങളുടെ കയ്യില്‍ കുട്ടി സുരക്ഷിതയാണെന്നും അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് ഓയൂരിലെ വീട്ടിലേക്ക് എത്തിക്കാമെന്നും രണ്ടാമത് വന്ന ഫോണ്‍കോളിലൂടെ അറിയിച്ചു. ഒരു സ്ത്രീയാണ് ഫോണില്‍ സംസാരിച്ചത്. ഫോണ്‍ ചെയ്ത കാര്യം പോലീസില്‍ അറിയിക്കരുതെന്നും സ്ത്രീ പറഞ്ഞിരുന്നു.

Hot Topics

Related Articles