പാകിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരുക്ക്

പേഷവാർ:പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിൽ ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൗസർ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സ്ഫോടനം ഉണ്ടായത്.പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം, ഐ.ഇ.ഡി (ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ പുക ഉയരുന്നതും, ആളുകൾ ഭീതിയിൽ ഓടുന്നതുമാണ് കാണുന്നത്.ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരുസംഘടനയും ഏറ്റെടുത്തിട്ടില്ല.സുരക്ഷാ ഏജൻസികളുടെ വിലയിരുത്തലനുസരിച്ച്, കഴിഞ്ഞ ആഴ്ച പ്രദേശത്ത് നടന്ന “ഓപ്പറേഷൻ സർബകഫിന്” പ്രതികാരമായി നടത്തിയ ആക്രമണമാണിതെന്ന് കരുതുന്നു.

Advertisements

ആ ഓപ്പറേഷനിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ഒരു പൊലീസ് കോൺസ്റ്റബിളിനും പ്രദേശവാസിക്കും പരിക്കേറ്റിരുന്നു.അതേസമയം, ഖൈബർ പഖ്‌തൂൺഖ്വയിലെ അസ്ഥിരാവസ്ഥ തുടർന്നുകൊണ്ടിരിക്കുകയാണ്. ലാച്ചി തെഹ്‌സിലിലെ ദർമലക് പൊലീസ് ചെക്ക്പോസ്റ്റിനു സമീപം കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ആക്രമണത്തിൽ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ മാസം, ഓഗസ്റ്റ് 14-ന് സ്വാതന്ത്ര്യദിനത്തിൽ, ടിടിപി (തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ) പൊലീസ് സ്റ്റേഷനുകൾ, ചെക്ക്പോസ്റ്റുകൾ, പട്രോളിങ് സംഘങ്ങൾ എന്നിവയ്ക്കെതിരെ നടത്തിയ വൻതോതിലുള്ള ആക്രമണത്തിൽ ആറ് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.

Hot Topics

Related Articles