മകളെ വിമാനത്താവളത്തിലാക്കി മടങ്ങിവരവെ കാർ താഴ്ചയിലേക്ക് മറിഞ്ഞു; 55കാരന് ദാരുണാന്ത്യം

പാലക്കാട് : ദേശീയപാതയില്‍ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് കൊടൈക്കനാല്‍ സ്വദേശി മരിച്ചു. വാഹനം ഓടിച്ചിരുന്ന തങ്കമുത്തു(55) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പാലക്കാട്- തൃശ്ശൂർ ദേശീയപാത കണ്ണനൂരില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി തിരിച്ചുവരുന്നതിനിടെയായിരുന്നു തങ്കമുത്തുവും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞത്.

കോയമ്പത്തൂർ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന കാർ റോഡരികിലെ ഡിവൈഡറില്‍ തട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ യാത്രക്കാരാണ് അപകടം അറിയുന്നത്. ഉടനെ വാഹനത്തില്‍ ഉള്ള രണ്ടുപേരെ പുറത്തെത്തിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തങ്കമുത്തുവിന്റെ ഭാര്യ സുമതി, മകൻ ആകാശ്, സഹോദരി സെമന്തകം എന്നിവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Hot Topics

Related Articles