പാലക്കാട് കാണണമെന്നായിരുന്നു മോഹം; മമ്മൂട്ടിയുടെ സ്നേഹത്തിൽ കുട്ടികൾ കൊച്ചി കണ്ടു, മെട്രോയിൽ കയറി, വിമാനം കണ്ട് മടങ്ങി”“

കൊച്ചി :പാലക്കാട് ഒന്ന് കാണിക്കാമോ… ബസിൽ കയറ്റാമോ…” ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപത് കിലോമീറ്ററകലെ കാടിനുള്ളിൽ പഠിക്കുന്ന കുട്ടികളുടെ ആഗ്രഹം. ആ കുട്ടികളുടെ സ്വപ്നത്തിന് മറുപടി നൽകിയതു നടൻ മമ്മൂട്ടിയാണ്. പക്ഷേ, അവർക്ക് പാലക്കാട് മാത്രമല്ല, കൊച്ചിയുടെ ഹൃദയഭാഗം മുഴുവൻ അനുഭവിക്കാൻ അവസരം ലഭിച്ചു.പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ 19 വിദ്യാർത്ഥികളും 11 അധ്യാപകരുമടങ്ങിയ സംഘം മമ്മൂട്ടിയുടെ അതിഥികളായി കൊച്ചി മെട്രോ, നെടുമ്പാശ്ശേരി വിമാനത്താവളം, ആലുവ രാജഗിരി ആശുപത്രി എന്നിവ സന്ദർശിച്ചു.

Advertisements

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻയും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് വിനോദയാത്ര സംഘടിപ്പിച്ചത്.രാത്രിയിൽ പാലക്കാട്ടുനിന്ന് എറണാകുളത്തേക്ക് എത്തിയ സംഘം കളമശ്ശേരി ജ്യോതിർഭവനിൽ താമസിച്ചു. രാവിലെ ഏഴുമണിക്ക് കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തി. എസ്‌കലേറ്റർ, മെട്രോ ട്രെയിൻ — എല്ലാം കുട്ടികൾക്കും അധ്യാപകർക്കും കൗതുകം നിറഞ്ഞ പുതിയ അനുഭവങ്ങളായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കളമശ്ശേരിയിൽ നിന്ന് മെട്രോയിൽ ആലുവയിലെത്തിയ ശേഷമാണ് സംഘം ടൂറിസ്റ്റ് ബസിൽ രാജഗിരി ആശുപത്രിയിൽ എത്തിയത്.അവിടെ പ്രഭാതഭക്ഷണത്തിനു ശേഷം, കുട്ടികൾക്ക് റോബോട്ടിക് സർജറിയുടെ വിസ്മയലോകം നേരിൽ കാണാനായി. ഡോ. രവികാന്ത് ആർ. റോബോട്ടിക് യന്ത്രത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം റോബോട്ടിക് കൈകൾ ചലിക്കുന്നത് കണ്ടപ്പോൾ കുട്ടികൾ വിസ്മയത്തോടെ നിന്നു.ആശുപത്രി സന്ദർശനത്തിനു ശേഷം മെട്രോ ഫീഡർ ബസിൽ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. സന്ദർശക ഗാലറിയിൽ നിന്ന് വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും അവർ ആസ്വദിച്ചു.

തുടർന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്ന മേഖലയും കുട്ടികൾ സന്ദർശിച്ചു.ഇവിടെത്തന്നെ മമ്മൂട്ടിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കേക്ക് മുറിച്ച് ആഘോഷവും നടന്നു. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ, കുട്ടികൾ എന്നിവർ ചേർന്നാണ് കേക്ക് മുറിച്ചത്.മമ്മൂട്ടിയുടെ പ്രതിനിധിയായി അദ്ദേഹത്തിന്റെ വിശ്വസ്ത സഹചാരിയായ എസ്. ജോർജും, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർ റോബർട്ട് കുര്യാക്കോസും പരിപാടിയിൽ പങ്കെടുത്തു.

അട്ടപ്പാടിയിലെ ആ ചെറിയ ആഗ്രഹം കൊച്ചിയിലെ മഹാനുഭവങ്ങളാക്കി മാറ്റിയ മമ്മൂട്ടി, അടുത്ത തവണ വിമാനയാത്രയും ഒരുക്കാമെന്ന് കുട്ടികൾക്ക് വാഗ്ദാനം നൽകി.

Hot Topics

Related Articles