പാലക്കാട്:പാലക്കാട് പുതുപ്പരിയാരം പൂച്ചിറയിൽ യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എൻ.പുരം സ്വദേശിനി മീര (32) യാണ് മരിച്ചത്. ഭർത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിലാണ് സംഭവം.അനൂപും മീരയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് ഹേമാംബികനഗർ പോലീസ് വ്യക്തമാക്കി.രണ്ടാം വിവാഹക്കാരായ ഇരുവരും ഒരു വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്.
അടുത്തിടെ വിവാഹ വാർഷികം കഴിഞ്ഞിരുന്നു. വാർഷികദിനത്തിൽ ഭർത്താവ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇടാത്തത് വഴക്കിലേക്ക് കാരണമായതായി പോലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങി മീര ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ അനൂപെത്തി മീരയെ തിരികെ കൂട്ടിക്കൊണ്ടുവന്നു.ബുധനാഴ്ച രാവിലെ ആറുമണിയോടെ അടുക്കളയ്ക്കു സമീപമുള്ള വർക്ക് ഏരിയയിലെ സീലിംഗിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മീരയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവസമയത്ത് വീട്ടിൽ അനൂപും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മരണവിവരം പോലീസ് തന്നെയാണ് മീരയുടെ വീട്ടുകാരെ അറിയിച്ചത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.ഭക്ഷണ ഡെലിവറിയാണ് അനൂപിന്റെ ജോലി. ഭർത്തൃപീഡനം ആരോപിച്ച് മുൻപ് രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്എച്ച്ഒ കെ. ഹരീഷ് പറഞ്ഞു. ഇവരുടെ പ്രശ്നങ്ങളെക്കുറിച്ച് മുൻപരാതികളുമില്ല. എങ്കിലും, “മരണത്തിൽ വ്യക്തത വരുത്തണം” എന്ന മീരയുടെ അമ്മ സുശീലയുടെ മൊഴിപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പരേതനായ സുന്ദരനാണ് മീരയുടെ അച്ഛൻ.