ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനികനടപടി ഭയന്ന് പാകിസ്താൻ. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടൻ ആക്രമണമുണ്ടായേക്കാമെന്നും അതിനാലാണ് തങ്ങളുടെ സൈന്യബലം വർധിപ്പിച്ചതെന്നും പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ആസന്നമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ സേനകളെ ശക്തിപ്പെടുത്തുന്നത്. തന്ത്രപ്രധാനമായ ചില തീരുമാനങ്ങളെടുക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ട് അത്തരം തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഖവാജ ആസിഫ് പറഞ്ഞു.
ഇന്ത്യൻ സൈന്യം പാകിസ്താനുനേരേ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് പാക് സൈന്യം അറിയിച്ചിട്ടുണ്ടെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാല്‍, ഇതേക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. അതേസമയം, പാകിസ്താൻ അതിജാഗ്രതയിലാണെന്നും തങ്ങളുടെ നിലനില്‍പ്പിന് നേരിട്ട് ഭീഷണിയുണ്ടായാല്‍ മാത്രമേ അണുവായുധങ്ങള്‍ പ്രയോഗിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യൻ ഏജൻസികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ പാകിസ്താനെതിരേ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുകയുംചെയ്തു. എന്നാല്‍, തങ്ങള്‍ക്ക് പങ്കില്ലെന്നും പഹല്‍ഗാമില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമായിരുന്നു പാകിസ്താന്റെ നിലപാട്. ഇതിനുപിന്നാലെയാണ് പാകിസ്താൻ ഇന്ത്യയുടെ സൈനികനടപടി ഭയക്കുന്നതായി പാകിസ്താൻ പ്രതിരോധ മന്ത്രി പറഞ്ഞിരിക്കുന്നത്.