മലപ്പുറം: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തന്നെ അറിയിക്കാതെയാണ് പാർട്ടി തന്റെ പേര് നിർദ്ദേശിച്ചത്. കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികൾ ഉണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിൽ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ല. സിപിഐ പ്രതിനിധിയായി ഇകെ വിജയൻ സെമിനാറിൽ പങ്കെടുക്കും. കേരളത്തിൽ എല്ലാവരും ഒരുമിച്ചുള്ള പരിപാടികൾ എളുപ്പമല്ലെന്നും എന്നാൽ എല്ലാവർക്കും ഒരേ നിലപാടാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാസം 15 നാണ് കോഴിക്കോട്ട് സെമിനാർ നിശ്ചയിച്ചിരിക്കുന്നത്. സെമിനാറിലേക്ക് പാർട്ടി ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. മുന്നണിയിൽ കൂടിയാലോചിക്കാതെ എടുത്ത തീരുമാനത്തിലും മുസ്ലിം ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിലും കടുത്ത അതൃപ്തിയാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന് ഉള്ളത്.