തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ബിനോയ് വിശ്വത്തിന്റെ പേര് സംസ്ഥാന കൗൺസിലാണ് അംഗീകരിച്ചത്. പാർട്ടി സമ്മേളനത്തിലൂടെ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് ബിനോയ് വിശ്വമാണ് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്.പ്രവർത്തനശൈലിയിൽ ആവശ്യമായ തിരുത്തൽ വരുത്താൻ തയ്യാറാണെന്ന് പ്രവർത്തന റിപ്പോർട്ടിനുള്ള മറുപടിയിൽ ബിനോയ് വിശ്വം വ്യക്തമാക്കി. അനാവശ്യ വിമർശനം പാർട്ടിക്ക് ക്ഷതമാണെന്നും തൃശൂരിലെ പരാജയം വലിയ മുറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടി അച്ചടക്കം ലംഘിച്ച കെ.ഇ. ഇസ്‌മായിലിനെ ബിനോയ് വിശ്വം ശക്തമായി വിമർശിച്ചു.
“ഇസ്‌മായിലിന്റെ നടപടി ശരിയല്ല. ഇസ്‌മായിൽ മാത്രമല്ല പാർട്ടിയെ പടുത്തുയർത്തിയതും, വേദിയിലിരിക്കാനുള്ള യോഗ്യതയും അദ്ദേഹത്തിനില്ല,” ബിനോയ് വിശ്വം പറഞ്ഞു.അതേസമയം, പാർട്ടി നേതൃത്വത്തിൽ വൻ വെട്ടിനിരത്തലാണ് നടന്നത്. സംസ്ഥാന കൗൺസിലിൽ നിന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ കെ. ശിവരാമൻ, തിരുവനന്തപുരത്തുനിന്നുള്ള മീനാങ്കൽ കുമാർ, സോളമൻ വെട്ടുകാട്, എഐഎസ്എഫ് നേതാവും കാനം രാജേന്ദ്രന്റെ അടുപ്പക്കാരനുമായ ശുഭേഷ് സുധാകരൻ എന്നിവരെ ഒഴിവാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാത്തന്നൂർ എം.എൽ.എ ജി എസ്. ജയലാലിനെ ഇത്തവണയും ഉൾപ്പെടുത്തിയിട്ടില്ല. കൊല്ലത്തുനിന്ന് എസ്. ബുഹാരി, എ. മന്മഥൻ നായർ, ലിജു ജമാൽ, ആലപ്പുഴയിൽ നിന്ന് സി.എ. അരുണ്‍കുമാർ, എറണാകുളത്തുനിന്ന് കെ എൻ സുഗതൻ, പത്തനംതിട്ടയിൽ നിന്ന് കെജി. രതീഷ് കുമാർ, കോട്ടയത്തുനിന്ന് ജോൺ വി. ജോസഫ് എന്നിവർ പുതുതായി കൗൺസിലിൽ എത്തി.