പത്തനംതിട്ട ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; ജാഗ്രത പുലര്‍ത്തണം ഡിഎംഒ

പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി പറഞ്ഞു. രോഗികളുടെ എണ്ണവും ടിപിആര്‍ നിരക്കും ഓരോ ദിവസവും വര്‍ധിച്ചു വരുകയാണ്. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ഓരോ വ്യക്തിയും തയാറായാല്‍ മാത്രമേ രോഗവ്യാപനം കുറച്ചു കൊണ്ടുവരാന്‍ സാധിക്കുകയുള്ളു.
മാസ്‌ക് ശരിയായി ധരിക്കുക, അകലം പാലിക്കുക, സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കണം. കോവിഡിന്റെ ഏതു വേരിയന്റിനെ പ്രതിരോധിക്കുന്നതിനും ഈ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. വാക്സിനേഷന്‍ എടുക്കുന്നത് രോഗം ഗുരുതരമാകാതിരിക്കാന്‍ സഹായിക്കും. അതിനാല്‍ എല്ലാവരും കൃത്യസമയത്ത് തന്നെ വാക്സിന്‍ സ്വീകരിക്കണം. ഒരോ വ്യക്തിയും തങ്ങളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കാന്‍ മുന്നോട്ടു വരണം. കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് രോഗികള്‍ക്ക് രോഗത്തിന്റെ ഗുരുതരാവസ്ഥയനുസരിച്ച് കിടത്തിചികിത്സ ലഭ്യമാണ്. പന്തളം അര്‍ച്ചന, റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനിയറിംഗ് കോളജ് എന്നിവയാണ് ഇപ്പോള്‍ നിലവിലുള്ള സിഎസ്എല്‍റ്റിസികള്‍. കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി ഡിഎംഒ അറിയിച്ചു.

Advertisements

Hot Topics

Related Articles