പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു; എല്ലാ വാക്സിന്‍ ഡോസും സ്വീകരിക്കണമെന്ന് ഡി.എം.ഒ ഡോ. എല്‍ അനിതാകുമാരി

പത്തനംതിട്ട:‍ എല്ലാദിവസവും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കോവിഡ് വാക്സിന്‍ ഒരു ഡോസില്‍ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ എടുക്കണം. 15-17 പ്രായപരിധിയിലുളള 73.4 ശതമാനം പേര്‍ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 60 വയസിനു മുകളിലുളള 99 ശതമാനം പേരും, 45-49 പ്രായപരിധിയിലുളള 84 ശതമാനം പേരും, 18-44 പ്രായപരിധിയിലുള്ള 72 ശതമാനം പേരും രണ്ടാംഡോസ് വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് ഇതുവരെ 30 ശതമാനം പേര്‍ സ്വീകരിച്ചു. കോവിഡ് രോഗബാധിതര്‍ മൂന്നു മാസം കഴിഞ്ഞു മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ. വാക്സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല. മരണവും, രോഗത്തിന്റെ സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്സിന്‍ എടുത്ത് സുരക്ഷിതരാകണമെന്ന് ഡി.എം.ഒ അറിയിച്ചു.

Advertisements

Hot Topics

Related Articles