പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഏഴംകുളം പറമ്പുവയൽകാവ് ക്ഷേത്രത്തിനു സമീപം മുതിരവിള പുത്തൻ വീട്ടിൽ വിജയൻപിളളയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന വിഷ്ണു വിജയനെ (28) കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ആറുമാസക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കാപ്പാ നിയമപ്രകാരമുളള ഉത്തരവ് പുറപ്പെടുവിച്ചതറിഞ്ഞ പ്രതി മാസങ്ങളായി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
വിവിധ സ്ഥലങ്ങളിൽ പരിശോധന തുടർന്ന പ്രത്യേകസംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തെതുടർന്നാണ് ഇയാൾ വലയിലായത്. ഇന്നലെ വൈകുന്നേരം പറക്കോടുള്ള മെഡിക്കൽ സെന്ററിൽ പരിക്കുപറ്റി എത്തിയ ഇയാൾ, ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും , ഡോക്ടറെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനു നേരെ മുളക് സ്പ്രേ അടിച്ചശേഷം ബൈക്കിൽ കയറി രക്ഷപെടുകയും ചെയ്തതായി വിവരം കിട്ടി പോലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തിരച്ചിൽ വ്യാപിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആശുപത്രിയിൽ അതിക്രമം നടത്തിയതിന് ജാമ്യം ലഭിക്കാത്ത വകുപ്പ് ഉൾപ്പെടുത്തിയ കേസിൽ, തുടർന്ന് ഇന്ന് പുലർച്ചെ 2 മണിയോടുകൂടി ഇയാളെ പിടികൂടി. . അറസ്റ്റിനെ പ്രതിരോധിക്കാൻ ശ്രമിച്ച പ്രതിയെ മൽപ്പിടുത്തത്തിലൂടെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത് . അടൂർ, ഏനാത്ത്,കുന്നിക്കോട്,കൊട്ടാരക്കര,, പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ,മയക്കുമരുന്ന് വിപണനം തുടങ്ങിയ പതിനഞ്ചിലധികം ഗുരുതര കുറ്റകൃത്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നർക്കോട്ടിക് നിയമപ്രകാരമുളള കേസ്സിലും വധശ്രമ കേസ്സിലും റിമാന്റിൽ കഴിഞ്ഞുവരവെ ഈ വർഷം ഏപ്രിലിൽ കൊട്ടാരക്കര സബ്ബ് ജയിൽ വാർഡൻമാരെ ഉൾപ്പെടെ ആക്രമിച്ച കേസ്സിൽ ജയിൽവാസം അനുഭവിച്ചശേഷം പുറത്തിറങ്ങിയിട്ട് മാസങ്ങൾ ആകുന്നതിനിടയിലാണ് കാപ്പാ നിയമപ്രകാരമുളള നടപടികൾ നേരിടുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിൻറെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി,സബ്ബ് ഇൻസ്പെക്ടർ ഹാറൂൺ റഹ്മാൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ ,ബദറുൽ മുനീർ, സിവിൽ പോലീസ് ഓഫീസർമാരായ , റോബി ഐസക്,പ്രവീൺ.റ്റി, സതീഷ്, ജോബിൻ , പ്രമോദ്, നിസ്സാർ എന്നിവരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ജില്ലയിൽ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും, അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഈ വർഷം എട്ട് പേർക്കെതിരെ കാപ്പാ നടപടികൾ സ്വീകരിച്ചതായും, ജില്ലാ പോലീസ് മേധാവി അറിയിച്ചു.