പത്തനംതിട്ട നിരണത്ത് പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ നടപടികള്‍ ആരംഭിച്ചു. നിരണത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സര്‍ക്കാര്‍ ഡക്ക് ഫാമിലെ താറാവുകളെ കൊന്നൊടുക്കുന്ന ജോലി നാളെ പൂര്‍ത്തിയാകും. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെയും മൂന്ന് ദിവസത്തിനുള്ളില്‍ ഇല്ലായ്മ ചെയ്യും. അതേസമയം ഫാമിന് പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. പക്ഷിപ്പനി ബാധിച്ച നിരണത്തേ സര്‍ക്കാര്‍ ഫാമിലെ 5000 ഓളം താറാവുകയാണ് ദ്രുത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ കൊന്നടുക്കുന്നത്. കഴിഞ്ഞദിവസമാണ് നിരണം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ സര്‍ക്കാര്‍ താറാവുവളര്‍ത്തു കേന്ദ്രത്തില്‍ പക്ഷിപക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് രോഗ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും, ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വൈലന്‍സ് സോണായും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിലെ രോഗബാധ പ്രദേശത്തെ പക്ഷികളെയാണ് കൊന്നൊടുക്കുന്നത്. കൊന്നൊടുക്കുന്ന വളര്‍ത്തു മൃഗങ്ങകളുടെ പ്രായമനുസരിച്ച് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും. സര്‍വൈലന്‍സ് സോണുകളില്‍ നിന്നും പുറത്തേക്കും താറാവുകളേയും മറ്റ് പക്ഷികളേയും കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും നിരോധനം ഉണ്ട്.