മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ മെയ് 4,5,6 തിയതികളിൽ നടത്തപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് പ്രാരംഭം കുറിച്ചു കൊണ്ട് ഇന്ന് ഉച്ചകഴിഞ്ഞ് , തിരുവഞ്ചൂർ പുത്തൻ പുരയ്ക്കൽ ഷിന്റോയുടെ പാറമ്പുഴ തുരുത്തേൽ പുരയിടത്തിൽ നിന്ന് ആഘോഷപൂർവം കൊണ്ടു വന്നതായ കൊടിമരം പള്ളി അങ്കണത്തിൽ ഉയർത്തി. ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്താ ആശിർവദിച്ച് നൽകിയ തടി കുരിശ് സ്ഥാപിച്ച കൊടിമരത്തിൽ നൂറ് കണക്കിന് കൊടികളും കെട്ടിയാണ് ഉയർത്തിയത്.പാറമ്പുഴ, തിരുവഞ്ചൂർ കുരിശു കവല, പായിപ്ര പടി, കണിയാംകുന്ന്, പെരുമാനൂർ കുളം എന്നിവടങ്ങളിൽ കൊടിമര ഘോഷയാത്രക്ക് സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നൂറുകണക്കിന് ഇടവകാംഗങ്ങൾ കൊടിമരം ആഘോഷപൂർവ്വം പള്ളിയിലേക്ക് കൊണ്ടു വന്നത്.വികാരി വെരി. റവ. ഈ.റ്റി. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ ഇട്ടിയാടത്ത്, പ്രോഗ്രാം കോർഡിനേറ്റർ വെരി. റവ.കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, ട്രസ്റ്റിമാരായ ശ്രീ പി.എ. ഏബ്രഹാം പഴയിടത്തുവയലിൽ, ശ്രീ വർഗീസ് ഐപ്പ് മുതലുപടി, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി ശ്രീ വി.ജെ.ജേക്കബ് വാഴത്തറ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.