തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും പുറത്ത് വരുന്ന സാഹചര്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ റുബീന സക്കറിയയുടെ പ്രതികരണം.“പോലീസ് ഭയന്നു തുടങ്ങി എന്ന് വിചാരിച്ച് അർമാദിക്കുന്നവരെ, നിങ്ങളുടെ പുറകിൽ പതിയിരുന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ അമർത്തി ചിരിക്കുന്നുണ്ട്,” റുബീന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.“രാപ്പകൽ റോന്ത് ചുറ്റുന്ന പൊലീസുകാരാണ് നമ്മുടെ സ്ത്രീകളും കുട്ടികളും ‘വല്യ’ പരിക്കേൽക്കാതെ വീട്ടിലെത്തുന്നതിന് പിന്നിൽ. നമ്മുടെ നാട്ടിൻറെ നിലനിൽപ്പിന് ആത്മവിശ്വാസമുള്ള പൊലീസ് അനിവാര്യമാണ്. പൂജാരിയും പള്ളീലച്ചനും മുസ്ലിയാരും അധ്യാപകരും രാഷ്ട്രീയക്കാരും, ചിലപ്പോൾ രക്ഷിതാക്കളും പോലും കുട്ടികളെ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാക്കുന്ന സമൂഹമാണിത്. പൊലീസിൽ വീഴ്ചകളില്ലെന്ന് പറയാനാവില്ല, പക്ഷേ സമൂഹത്തിന് പൊലീസ് കാവൽ നിർബന്ധമാണ്,” — റുബീന പോസ്റ്റിൽ വ്യക്തമാക്കി.പോലീസ് അതിക്രമത്തെ വിമർശിക്കുമ്പോഴും, മുഴുവൻ സേനയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ആശങ്കജനകമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘പോലീസ് ഭയന്നു തുടങ്ങി എന്നോര്‍ത്ത് അര്‍മാദിക്കുന്നവരെ, പിറകില്‍ പലരും അമര്‍ത്തി ചിരിക്കുന്നുണ്ട്’ — വനിതാ പൊലീസ് ഉദ്യോഗസ്ഥ റൂബീനയുടെ പ്രതികരണം
