പന്തളം : തെക്കേക്കര ഗ്രാമപഞ്ചായത്ത് ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി നിര്‍മ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ രണ്ടാം ഘട്ടമായി 4182 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 28.32 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21.07 കിലോമീറ്റര്‍ പമ്പിംഗ് ലൈന്‍, 112.35 കിലോമീറ്റര്‍ ഡിസ്ട്രിബ്യൂഷന്‍ ലൈന്‍ എന്നിവ സ്ഥാപിക്കുകയും 4182 എണ്ണം പുതിയ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളും, കീരുകുഴി, താളിയാട്ട് കോളനി എന്നിവിടങ്ങളില്‍ യഥാക്രമം 6 ലക്ഷം ലിറ്റര്‍ 5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണികളും ആണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള ജല അതോറിറ്റിയുടെ ചിരണിയ്ക്കലുള്ള 12.5 ദശലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ശുദ്ധജലശാലയില്‍ നിന്നും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കീരുകുഴി, താളിയാട്ട് കോളനി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ഉപരിതല ജലസംഭരണികളില്‍ ജലം പമ്പ് ചെയ്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസിധരന്‍ പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധര പണിക്കര്‍, ജനപ്രതിനിധികളായ എന്‍ കെ ശ്രീകുമാര്‍, പ്രിയ ജ്യോതി കുമാര്‍, പൊന്നമ്മ വര്‍ഗീസ്, രഞ്ജിത്ത്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.