യജമാനൻ തപസ്സിൽ നിന്നുണർന്നു : മഴത്തുള്ളികളായി ഇന്ദ്രൻ എത്തി : യാഗ ഭൂമി വേദമന്ത്രങ്ങളാൽ മുഖരിതം

കോന്നി :
ഇടതടവില്ലാതെ വേദ മന്ത്രങ്ങൾ മാത്രം മുഴങ്ങുന്ന യാഗ ഭൂമിയായി ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രം മാറി. ഇന്നലെ അഞ്ചാം പ്രവർഗ്യവും ഉപാസത്തുകളും സുബ്രമണ്യ ആഹ്വാനവും കഴിഞ്ഞു 3 മണിക്കൂർ ഋത്വിക്കുകൾ വിശ്രമിച്ചു. വൈകിട്ട് നാല് മണിയോടെ ഇന്ദ്രന്റെ സാമിപ്യം തിരിച്ചറിഞ്ഞ പ്രധാന ആചാര്യൻ യജമാനനോട് തന്റെ കടുത്ത തപസ്സവസാനിപ്പിക്കുവാൻ ആവശ്യപ്പെട്ടു കർമങ്ങൾക്കു തുടക്കമായി. ഇതോടെ അഗ്നിഷോമപ്രണയന ചടങ്ങു നടന്നു. അധര്യു, യജമാനൻ, പത്നി മക്കൾ ഇവർ പടിഞ്ഞാറേ ശാലയിൽ പ്രവേശിച്ചു.

അധര്യു ആവഹനീയാഗ്നിക്ക് മുൻപിൽ കിഴക്കോട്ടു തിരിഞ്ഞു നിന്ന് അഗ്നിയുമെടുത്തു അഗ്നീധ്രിയത്തിലേക്ക് തിരിക്കുകയും അവഹനീയാഗ്നി അവിടെ സ്ഥാപിക്കുകയും ചെയ്‌തു. ബ്രഹ്മൻ എന്ന ഋത്വിക്ക് സോമവും വഹിച്ചുകൊണ്ട് പിന്നാലെ യാത്ര ചെയ്ത് അഗ്നീധ്രിയത്തെ വലം വച്ച് ഹവിർധാനത്തു സോമം സ്ഥാപിച്ചു. തുടർന്ന് യജമാനൻ മുഷ്ടികൾ വിടർത്തി യാഗ കര്മങ്ങള് ചെയ്‌യുന്നതിനായി തപസ്സ് അവസാനിപ്പിച്ചു. ഇതോടെ മഴ പെയ്തു. കാണികൾ ഭക്തിയോടെ ആ ദിവ്യ സാമിപ്യം നുകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വർണത്തിന്റെ മാർച്ചട്ടയും ദണ്ഡും നൽകി യജമാനന്റെ മുഷ്ടി അടച്ചും, മന്ത്രങ്ങൾ ഉച്ചരിക്കാനല്ലാതെ അഗ്നി തീരും വരെ യജമാനൻ ഉരിയാടാതെയും. കുളിക്കുകയോ അന്നാഹാരം കഴിക്കുകയോ ചെയ്യാതെയും അനുഷ്ടിച്ചു പോന്ന തപസ്സ് ഇന്ദ്രന്റെ സാമീപ്യത്താൽ അവസാനിപ്പിക്കുകയാണ് ചെയ്തത്. തുടർന്ന്ഋത്വിക്കുകൾ അരണി കടഞ്ഞു. അരണിയിൽ നിന്ന് ചിതിയിലേക്കു അഗ്നി പകർന്ന് പൂർണ സോമയാഗ ചടങ്ങുകൾ ആരംഭിച്ചു.

അഗ്നിഷോമീയ പശു എന്ന ചടങ്ങാണ് അടുത്തതായി നടന്നത്. അഗ്നിയുടെ കിഴക്കായി തയ്യാറാക്കി വച്ച കൂവളം കൊണ്ടുള്ള യൂപം യജമാനനനും പത്നിയും ചേർന്ന് കുഴിച്ചിട്ടു. അതിൽ യാഗ പശുവിനെ ഒരു കയറുകൊണ്ട് കെട്ടി. അരിമാവ് കൊണ്ടുള്ള പശുരൂപമാണ് ഇത്. പശുഇഷ്ടി എന്ന് പറയപ്പെടുന്ന ഈ യാഗത്തിന് ശേഷം ഒരു കുടം വെള്ളം മന്ത്ര പുരസ്സരം സ്വീകരിച്ചു പടിഞ്ഞാറേ ശാലയിൽ കൊണ്ട് വച്ചു. അടുത്ത ദിവസം സോമം ഇടിച്ചുപിഴിയാനുള്ള വെള്ളം ശേഖരിച്ചു ശുദ്ധിചെയ്തു വയ്ക്കുന്ന കർമ്മവും പൂർത്തിയാക്കി. രാത്രി 10 വരെ വിവിധ യാഗങ്ങൾ ചിതിയിൽ നടന്നു.

Hot Topics

Related Articles