മല്ലപ്പള്ളി : കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ 33 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിര്‍മാണ ഉദ്ഘാടനം കുളത്തൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയാനന്തരം മികച്ച വികസന നേട്ടം കൈവരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍. സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 35 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുവാന്‍ സാധിച്ചു. രണ്ടു വര്‍ഷം മുന്‍പ് 17 ലക്ഷം പേര്‍ക്കാണ് കൊടുത്തിരുന്നത്. 40 ലക്ഷം പേര്‍ക്ക് കൊടുക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്തുതലത്തില്‍ ജല ബജറ്റ് തയാറാക്കുകയാണ്. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടമായ 12.52 കോടി രൂപയുടെ പെരുമ്പാറ പദ്ധതിയുടെയും, 20.5 കോടി രൂപയുടെ മലമ്പാറ പദ്ധതിയുടെയും നിര്‍മാണ ഉദ്ഘാടനമാണ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ 4106 കുടുംബങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനായി ജലജീവന്‍ മിഷന്‍ വഴി 58 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി റീ-ടെന്‍ഡര്‍ ചെയ്ത് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടാങ്ങല്‍ കുടിവെള്ള പദ്ധതിക്ക് നാലര സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ എം.ടി. മത്തായിയെ മന്ത്രി ആദരിച്ചു. മത്തായിക്ക് സമ്പൂര്‍ണ പദ്ധതിയില്‍ വാട്ടര്‍ ചാര്‍ജ് സൗജന്യമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കോട്ടാങ്ങലിനെ ആധുനിക കോട്ടാങ്ങലാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബിനു ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. ജമീലാ ബീവി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. സി.ബി. ജെയിംസ് മൈലാട്ട്, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, ദക്ഷിണമേഖല കേരള ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ എസ്. ലീനാ കുമാരി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.