തിരുവല്ല : കരുതലിന്റെയും മാനുഷികതയുടെയും പാഠം ഉൾക്കൊണ്ട് ജീവിതത്തിൽ മുന്നേറാനാകണമെന്ന് വിദ്യാർത്ഥികളോട് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. മണിപ്പൂർ സ്വദേശികളായ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സംരക്ഷണ പദ്ധതി സ്നേഹസ്പർശത്തിന്റെ ഉദ്ഘാടനം തിരുവല്ല നിക്കോൾസൺ സിറിയൻ സ്‌കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ദുരിതങ്ങളിലൂടെ കടന്നു പോകുന്നവർ ക്ഷമിക്കാനുള്ള മനസ് ആർജിക്കുന്നു. ഇതിനൊപ്പം ശക്തിയാർജിക്കാനുള്ള ഒരിടവും ലഭിക്കുന്നതിലൂടെ ജീവിതത്തിൽ വിജയം കൈവരിക്കാനും സാധിക്കും. മണിപ്പൂരിൽ നിന്ന് എത്തിയ വിദ്യാർഥിനികൾക്ക് ശക്തിയാർജിക്കാനുള്ള ഇടമാണ് സ്നേഹസ്പർശത്തിലൂടെ ലഭിക്കുന്നതെന്നും ജീവിതത്തിൽ വിജയം കൈവരിക്കാനും മറ്റുള്ളവർക്ക് ക്ഷമയും കരുണയും പകർന്നു നൽകാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും കളക്ടർ പറഞ്ഞു. വീട്ടിൽ നിന്നു മാറി വിദ്യാഭാസത്തിനായി എത്തിയിരിക്കുന്ന കുട്ടികൾക്ക് സ്നേഹവും കരുതലും നൽകാൻ എല്ലാവർക്കും സാധിക്കണമെന്ന് മുഖ്യസന്ദേശം നൽകി അഡ്വ. മാത്യു റ്റി. തോമസ് എം.എൽഎ പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. രണ്ട് വിഭാഗങ്ങളുടെ സംഘർത്തെ തുടർന്ന് മണിപ്പൂരിൽ നിന്ന് 30 വിദ്യാർത്ഥിനികളാണ് നിക്കോൾസൺ സ്‌കൂളിൽ പഠിക്കാൻ എത്തിയിരിക്കുന്നത്.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങിന് അധ്യക്ഷത വഹിച്ചു. റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, വാർഡ് കൗൺസിലർ അനു സോമൻ, സഭാ സെക്രട്ടറി റവ. എബി ടി മാമ്മൻ,
ഡി.ഇ.ഒ ഇൻ ചാർജ് തിരുവല്ല ജേക്കബ് സത്യൻ, മാനേജർ ഗീത റ്റി. ജോർജ്,നിക്കോൾസൺ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പാൾ ജയാ സാബു, നിക്കോൾസൺ സിറിയൻ ഗേൾസ് എച്ച് എസ്എസ് പ്രിൻസിപ്പൽ മെറിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കരുതലിന്റെയും മാനുഷികതയുടെയും പാഠം ഉൾക്കൊണ്ട് ജീവിതത്തിൽ മുന്നേറണം: ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ
Advertisements