പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠയും 11-ാമത് പ്രതിഷ്ഠാവാര്‍ഷികവും; മെയ് 5 മുതല്‍ 18 വരെ നടക്കും

ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് മണിമലകാവ് ദേവീക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും തൃക്കൊടിയേറ്റും, ഉത്സവബലിദര്‍ശനവും ആറാട്ടും 11-ാമത് പ്രതിഷ്ഠാവാര്‍ഷികവും ദേശപ്പറവഴിപാടും വിവിധങ്ങളായ ക്ഷേത്രചടങ്ങുകളോടും കലാപരിപാടികളോടും കൂടി ഭക്ത്യാദരപൂര്‍വ്വം മെയ് 5 മുതല്‍ 18 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊടിയും കൊടിക്കൂറയും തിടമ്പും ധ്വജവാഹനവും 5 ന് മാന്നാറില്‍ നിന്നും രാവിലെ രഥഘോഷയാത്രയായി പുറപ്പെട്ട് വൈകിട്ട് 5 ന് ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രമൈതാനിയില്‍ എത്തിച്ചേരുമ്പോള്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരണം. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ മാടപ്പാട്, തണ്ടുവള്ളി, കറ്റോട് കക്കയം കാണിക്കവഞ്ചി, കണ്ണംപുര, ആറുമാനൂര്‍, എന്നിവിടങ്ങളില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം. തുടര്‍ന്ന് പട്ടര്‍മഠം ആല്‍ത്തറയില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും.

പുതുതായി നിര്‍മ്മിച്ച കൊട്ടാരത്തിന്റെയും മേല്‍ശാന്തി മഠത്തിന്റെയും സമര്‍പ്പണം ക്ഷേത്രം തന്ത്രി നിര്‍വ്വഹിക്കും. മെയ് 6 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ആമേടമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍പ്പപൂജ. പ്രസാദ ഊട്ട്. വൈകിട്ട് 7 ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്ന സാംസ്‌ക്കാരിക സമ്മേളനം. കലാപരിപാടികളുടെ ഉദ്ഘാടനം സുപ്രസിദ്ധ വയലിന്‍ നാദവിസ്മയം ഗംഗ ശശിധരന്‍ നിര്‍വ്വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ .എസ്. ബിജു, പ്രിയ സജീവ്, സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കന്‍ വിവിധ സമുദായ സംഘടന പ്രതിനിധികള്‍ സംസാരിക്കും. പൊതുസമ്മേളനത്തില്‍ ചികിത്സാസഹായവും വിദ്യാഭ്യാസ അവാര്‍ഡും കലാ-സാംസ്‌കാരിക രംഗത്തെ പ്രതിഭകളെ ആദരിക്കുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

8.30 ന് തിരുവരങ്ങില്‍ വയലിന്‍ നാദവിസ്മയത്തിലെ അതുല്യ പ്രതിഭ ഗംഗ ശശിധരനും ഗുരു സി എസ് അനുരൂപും ചേര്‍ന്ന് നയിക്കുന്ന വയലിന്‍ നാദവിസ്മയം.
മെയ് 7 മുതല്‍ 12 വരെ ധ്വജപ്രതിഷ്ഠാ ചടങ്ങുകള്‍. മെയ് 13 തിങ്കളാഴ്ച രാവിലെ 8.29നും 9.40നും മദ്ധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ധ്വജപ്രതിഷ്ഠ. അന്നു വൈകിട്ട് 5.30നും 6നും മദ്ധ്യയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി മുട്ടത്തുമന മഹേഷ് ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്. തുടര്‍ന്ന് മഹാപ്രസാദ ഊട്ട്.
മണിമലക്കാവിലമ്മക്ക് ദേശപ്പറ വഴിപാട്. ക്ഷേത്ര തട്ടകത്തെ മൂന്ന് ദേശങ്ങളായി തിരിച്ച് വീടുകളിലെത്തി പറയെടുക്കുന്നു. മെയ് 14 ന് ഒന്നാം ദേശം ആറുമാനൂര്‍ ഭാഗം. 15 ന് രണ്ടാം ദേശം മാടപ്പാട് – തണ്ടുവള്ളി ഭാഗം, 16 ന് മൂന്നാം ദേശം കറ്റോട് ഭാഗം. ദേശപ്പറയുടെ സമാപനം കുറിച്ചുകൊണ്ട് മൂന്ന് ദേശങ്ങളില്‍ നിന്നും വൈകിട്ട് താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരികെ എത്തുന്നു.

മെയ് 17 ന് ഉച്ചയ്ക്ക് 12 ന് ഉത്സവബലി ദര്‍ശനം. തുടര്‍ന്ന് മഹാപ്രസാദ ഊട്ട്. വൈകിട്ട് 8 മുതല്‍ വിളക്കിനെഴുന്നള്ളിപ്പ്, വലിയ കാണിക്ക. മെയ് 18 ന് രാവിലെ 7 ന് പൊങ്കാല. വൈകിട്ട് 5 ന് ആറാട്ട് പൂജ തുടര്‍ന്ന് ആറാട്ട് പുറപ്പാട്. കറ്റോട് കക്കയം കാണിക്കമണ്ഡപം, കണ്ണംപുര, പട്ടര്‍മഠം ആല്‍ത്തറ വഴി പട്ടര്‍മഠം ആറാട്ട് കടവില്‍ പൂജ. തുടര്‍ന്ന് ആറാട്ട് സദ്യ. 9 ന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ആറാട്ട് എതിരേല്‍പ്പ്. തുടര്‍ന്ന് കൊടിയിറക്ക്. വാര്‍ഷിക കലശം. മെയ് 7 മുതല്‍ 18 വരെ തിരുവരങ്ങില്‍ ഓട്ടന്‍തുള്ളല്‍, കൈകൊട്ടിക്കളി, തിരുവാതിരകളി, ചാക്യാര്‍കൂത്ത്, ഭരതനാട്യകച്ചേരി, സംഗീതസദസ്സ്, ഡാന്‍സ്, നൃത്തനൃത്യങ്ങള്‍, ഭക്തിഗാനമേള എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരന്‍ നായര്‍ (ജയന്‍പിള്ള), സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കല്‍, വൈസ് പ്രസിഡന്റ് സുരേഷ് കൊറ്റോത്ത്, ദേവസ്വം മാനേജര്‍ ദിനേശന്‍ പുളിക്കപ്പറമ്പില്‍, കമ്മറ്റിയംഗങ്ങളായ കുമാര്‍ തേക്കനാംകുന്നേല്‍, വിജയരാജന്‍ നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles