മലപ്പുറം: പി വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. പാർട്ടിയുടെ പ്രഖ്യാപനം ഞായറാഴ്ച മഞ്ചേരിയിൽ നടക്കും. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും.
പി വി അൻവർ ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അൻവർ സ്റ്റാലിനെ കണ്ടത്. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. നാളെ മഞ്ചേരിയിൽ നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് അൻവർ പ്രഖ്യാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിഎംകെയിലൂടെ ഇൻഡ്യ മുന്നണിയുടെ ഭാഗമാവുകയാണ് അൻവറിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇതിനായുള്ള അണിയറ നീക്കങ്ങൾ ഇതിനോടകം തന്നെ അൻവർ സജീവമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം ആർ അജിത് കുമാർ തുടങ്ങിയവർക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ച് പി വി അൻവർ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കം. അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയെയും പാർട്ടിയെയും ഉൾപ്പടെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം അൻവറിനെ തള്ളി രംഗത്തെത്തിയത്. തുടർന്ന് എൽഡിഎഫ് മുന്നണിയിൽ നിന്ന് പുറത്തായ അൻവർ പുതിയ പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു.