ദില്ലി: എന്ത് സംഭവിച്ചാലും തന്റെ കർത്തവ്യം അതേപടി തുടരുമെന്ന് രാഹുൽ ഗാന്ധി. മോദി പരാമർശത്തിൽ അല വിധിക്കു ശേഷം രാഹുൽ ഗാന്ധി ആദ്യമായി പ്രതികരിച്ചു. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും വിധി വന്ന ശേഷമുള്ള ആദ്യ ട്വീറ്റിൽ രാഹുൽ വ്യക്തമാക്കി.
അനുകൂല വിധിയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരിച്ചത്. സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ഏറെ നാൾ മൂടനാവില്ലെന്നാണ് സഹോദരി കൂടിയായ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ബുദ്ധന്‍റെ വാക്കുകൾ ഉദ്ധരിച്ചുള്ളതാണ് പ്രിയങ്കയുടെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണെന്നും കെ സി ചൂണ്ടികാട്ടി. തെറ്റിനെതിരെ ശബ്ദിക്കുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നാണ് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാകുന്നത്.
ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിക്കാൻ കത്ത് നൽകും. നിയമത്തിൽ വിശ്വാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോടതികളെ ബഹുമാനിച്ചുകൊണ്ട് നിയമപരമായി വഴിയിൽ എല്ലാം നേരിടുമെന്നും കെ സി വ്യക്തമാക്കി.
സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്. ഇരുവിഭാഗത്തിനും അവരുടെ വാദമുഖങ്ങൾ ഉയർത്താൻ 15 മിനിട്ട് വീതം കോടതി അനുവദിച്ചിരുന്നു. പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ യഥാര്‍ത്ഥ സര്‍നെയിം മോദിയെന്നല്ല മോദ് എന്നാണെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അദ്ദേഹം സര്‍നെയിം പിന്നീട് മാറ്റുകയായിരുന്നു എന്ന വാദവും സിംഗ്‌വി ഉയർത്തി. തൻ്റെ കക്ഷിയുടെ സർ നെയിം മോദി എന്ന് തന്നെയാണെന്ന് മഹേഷ് ജെത്മലാനി ചൂണ്ടിക്കാണിച്ചു.
കേസ് നിലനിൽക്കില്ല, ഏതെങ്കിലും ഒരു വിഭാഗത്തെ മന:പൂർവ്വം അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം രാഹുൽ ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന വാദമാണ് അഭിഷേക് സിംഗ്‌വി മുന്നോട്ടുവച്ചത്. രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ ആരും കേസുമായി വന്നിട്ടില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാണിച്ചിരുന്നു. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സിംഗ്‌വി പരാമർശിച്ചപ്പോൾ കോടതിയിൽ രാഷ്ട്രീയം പറയേണ്ട, അത് രാജ്യസഭയിൽ പറഞ്ഞാൽ മതിയെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു.