ആകെ 20 കോടിയുടെ ആസ്തി ; സ്വന്തമായി വാഹനമോ വീടോ ഇല്ല; 26.25 ലക്ഷം ബാങ്ക് നിക്ഷേപം; രാഹുൽ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ദില്ലി: കോൺ​ഗ്രസ് നേതാവും വയനാട്ടിലെ സ്ഥാനാർത്ഥിയുമായ രാഹുൽ​ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. രാഹുലിന് ആകെ 20 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് നാമനിർദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ വാഹനമോ സ്വന്തമായി താമസിക്കാൻ ഫ്‌ളാറ്റോ ഇല്ലെന്നും സത്യാവാങ്മൂലത്തിൽ പറയുന്നു. 

ഏകദേശം 9.24 കോടി രൂപ ജംഗമ സ്വത്തുക്കളുണ്ട്. ഇതിൽ 55,000 രൂപയും 26.25 ലക്ഷം ബാങ്ക് നിക്ഷേപവും 4.33 കോടി ബോണ്ടുകളും ഷെയറുകളും, 3.81 കോടിയുടെ മ്യൂച്വൽ ഫണ്ടുകളും, 15.21 ലക്ഷം രൂപയുടെ സ്വർണ്ണ ബോണ്ടുകളും 4.20 ലക്ഷം രൂപയുടെ ആഭരണങ്ങളും ഉൾപ്പെടുന്നു. 11.15 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ ഉണ്ട്. സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയുടെ ഉടമസ്ഥതയിലുള്ള ഡൽഹിയിലെ മെഹ്‌റോലിയിലെ കൃഷിഭൂമിയും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ഗുരുഗ്രാമിൽ 9 കോടിയിലധികം വിലമതിക്കുന്ന ഓഫീസ് സ്ഥലവും ഉണ്ട് . കൃഷിഭൂമിയും പൈതൃക സ്വത്തായി പറഞ്ഞിട്ടു‌‌‌ണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തനിക്കെതിരെയുള്ള പൊലീസ് കേസുകളും സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തിയതിന് പോക്‌സോ നിയമ പ്രകാരമുള്ള കേസും ഇതിൽ ഉൾപ്പെടുന്നു. ദില്ലി ഹൈക്കോടതിയുടെ നിർദേശപ്രകാരം എഫ്ഐആർ മുദ്രവച്ച കവറിലാണ്.  അതിനാൽ, എഫ്ഐആറിൻ്റെ വിശദാംശങ്ങളെക്കുറിച്ച് എനിക്കറിയില്ല. എഫ്ഐആറിൽ തന്നെ പ്രതിയായി ഹാജരാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും തനിക്കറിയില്ല. എങ്കിലും വളരെയധികം ജാഗ്രതയോടെയാണ് അക്കാര്യം വിശദീകരിക്കുന്നതെന്നും രാഹുൽ പറയുന്നു. 

ബി.ജെ.പി നേതാക്കളുടെ അപകീർത്തി കേസുകളും സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന കേസും സത്യവാങ്മൂലത്തിൽ പരാമർശിച്ചിരുന്നു. 

2019ലെ പൊതുതെരഞ്ഞെടുപ്പിലാണ് രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ സീറ്റിൽ ആദ്യമായി മത്സരിക്കുന്നത്. വൻഭൂരിപക്ഷത്തോടെയാണ് വിജയം കരസ്ഥമാക്കിയത്. ഏപ്രിൽ 26 ന് നടക്കുന്ന ‌തെരഞ്ഞെടുപ്പിൽ ഇത്തവണ സിപിഐ നേതാവ് ആനി രാജയും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനുമാണ് എതിർ സ്ഥാനാർത്ഥികൾ. 

Hot Topics

Related Articles