മുംബൈ: ഐപിഎല്‍ പത്തൊമ്പതാം സീസണിന് മുന്നോടിയായി നടന്ന രണ്ട് പ്രധാന ടീമുകളുടെ ഉടമസ്ഥാവകാശ കൈമാറ്റം ബിസിസിഐക്കും വൻ നേട്ടം. രാജസ്ഥാൻ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകള്‍ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതോടെ അഞ്ച് ശതമാനം ട്രാൻസ്ഫർ ഫീ ഇനത്തില്‍ മാത്രം ബിസിസിഐക്ക് 1550 കോടി മുതല്‍ 1583 കോടി രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ ദിവസമാണ് ഇരു ടീമുകളുടെയും ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തില്‍ ധാരണയായത്.
അമേരിക്കൻ സംരംഭകനായ കല് സോമനിയുടെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യം 1.63 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയല്‍സിനെ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയെ ആദിത്യ ബിർള ഗ്രൂപ്പ്, ഡേവിഡ് ബ്ലിറ്റ്സർ, ബ്ലാക്ക്സ്റ്റോണ്‍ എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം 1.78 ബില്യണ്‍ ഡോളറിന് (ഏകദേശം 16,660 കോടി രൂപ) സ്വന്തമാക്കി. ആകെ 3.4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 31,000 കോടി രൂപ) ഇടപാടാണ് നടന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടീമിന്റെ മൂല്യം 1 ബില്യണ്‍ ഡോളർ കടക്കുന്നത് ഇതാദ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികളും ബിസിസിഐയുമായി ഒപ്പിട്ടിട്ടുള്ള കരാർ പ്രകാരം, ടീമിന്റെ ഉടമസ്ഥാവകാശം മാറുമ്പോള്‍ വില്പന തുകയുടെ 5 ശതമാനം ബിസിസിഐക്ക് ട്രാൻസ്ഫർ ഫീസായി നല്‍കണം. ഈ നിയമമാണ് ബോർഡിന് 1500 കോടിയോളം രൂപ ലഭിക്കാന്‍ കാരണമായത്. പുതിയ ഉടമകള്‍ക്ക് ബിസിസിഐയുടെയും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന്റെയും അംഗീകാരം ലഭിക്കുന്നതോടെ ഈ തുക ബോർഡിന്റെ അക്കൗണ്ടിലെത്തും.
വില്പന നടപടികള്‍ പൂര്‍ത്തിയായി പുതിയ ഉടമസ്ഥാവകാശം 2026 സീസണിന് ശേഷം മാത്രമേ പൂർണ്ണമായി പ്രാബല്യത്തില്‍ വരികയുള്ളൂ. ഐപിഎല്‍ പത്തൊമ്പതാം സീസണ് നാളെയാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂർണമെന്റില്‍ ആകെ 74 മത്സരങ്ങളുണ്ടാകും. മെയ് 31-നാണ് ഫൈനല്‍.

