മകന് വോട്ട് നൽകേണ്ട, അനുഗ്രഹം നൽകൂ; എ കെ ആന്റണിയോട് രാജ്നാഥ് സിംഗ്

പത്തനംതിട്ട: അനില്‍ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയില്‍ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിള്‍സ് ആണ് ആന്‍റണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോല്‍ക്കുമെന്ന് ആന്‍റണി പറഞ്ഞത്. പക്ഷേ ആന്‍റണിയോട് താൻ പറയുന്നു, ആന്‍റണിയുടെ മകനാണ് അനില്‍. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നു. ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനില്‍ തനിക്ക് ബന്ധുവിനെ പോലെ ആണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.

അനിലിന് ബിജെപിയില്‍ വലിയ ഭാവിയുണ്ട്. മകന് വോട്ട് നല്‍കണ്ട, അനുഗ്രഹം നല്‍കണം. കേരളത്തില്‍ എൻഡിഎ രണ്ടക്കം കടക്കും. പത്തു വർഷത്തിനിടെ ഒരു അഴിമതി ആരോപണം പോലും ബിജെപി സർക്കാർ നേരിട്ടിട്ടില്ല. അനില്‍ ആന്‍റണിയുടെ പിതാവിനു നേരെ ഒരു അഴിമതി ആരോപണവും ഉയർന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിന്‍റെ മറ്റ് ഒരു പാട് മന്ത്രിമാർ അഴിമതി കേസുകളില്‍ ജയിലില്‍ പോയിട്ടുണ്ട്. ഭാരതത്തിന്‍റെ ചന്ദ്രയാൻ ദൗത്യം വിജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്‍റെ രാഹുല്‍യാൻ ദൗത്യം കഴിഞ്ഞ ഇരുപത് വർഷമായിട്ടും എങ്ങും എത്തിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Hot Topics

Related Articles