ശബരിമലയില്‍ മണ്ഡലപൂജ നാളെ; തങ്കയങ്കി രഥയാത്ര ഇന്ന് പമ്പയിലെത്തും

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജ നാളെ നടക്കും. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിലെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും 18-ാം പടി കയറിയ തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ രാത്രി നടയടച്ച ശേഷം അപ്പാച്ചിമേട് വരെ തീര്‍ത്ഥാടകരുടെ നിര നീണ്ടു. പമ്പയില്‍നിന്ന് തീര്‍ത്ഥാടകരെ കയറ്റി വിടുന്നതിലെ നിയന്ത്രണം ഇന്നും തുടരുകയാണ്.

നിലക്കലിലും ഇടത്താവളങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. ദര്‍ശനം നടത്തിയ തീര്‍ത്ഥാടകര്‍ മല ഇറങ്ങാതെ സന്നിധാനത്ത് തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. തങ്കയങ്കി രഥയാത്ര പമ്പയിലേക്ക് എത്തുന്നതിനാല്‍ രാവിലെ 11 മണിക്ക് ശേഷം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനമില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ഇന്ന് 64,000 ആയും നാളെ 70,000 ആയും കുറച്ചു.

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി വൈകുന്നേരം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തും. നാളെ വൈകുന്നേരത്തെ ദീപാരാധനയും മണ്ഡലപൂജയും തങ്കയങ്കി ചാര്‍ത്തിയായിരിക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലാണ് തങ്കയങ്കി സൂക്ഷിക്കുന്നത്. മണ്ഡലപൂജയ്ക്ക് മുൻപായി രഥയാത്രയായി തങ്കയങ്കി സന്നിധാനത്തേക്ക് എത്തിക്കും.

1973ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് അയ്യപ്പന് ചാര്‍ത്താൻ തങ്കയങ്കി സമര്‍പ്പിച്ചത്. അന്നുമുതല്‍ തങ്കയങ്കി ചാര്‍ത്തിയാണ് മണ്ഡലപൂജ നടക്കുന്നത്. 451 പവൻ തൂക്കമുള്ളതാണ് തങ്കയങ്കി. രഥയാത്ര വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഒന്നേകാലിന് പമ്പയില്‍ എത്തും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15നു തങ്കയങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയില്‍ എത്തിക്കും.

Hot Topics

Related Articles