മരങ്ങാട്ടുപിള്ളി: പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണി നടത്താതെയും ടോറസ് ലോറികളുടെ നിരന്തരമായ സഞ്ചാരം മൂലവും തകർന്നു തരിപ്പണമായി കിടക്കുകയായിരുന്ന കുറിച്ചിത്താനംവില്ലേജ്- വെള്ളാക്കാവ്- ആനശ്ശേരി റോഡ് മെയ് ആദ്യവാരമാണ് ടാറിങ് പൂർത്തിയാക്കിയത്. ഈ റോഡിലെ കുറിച്ചിത്താനംവില്ലേജ് ഓഫീസ് മുതൽ വെള്ളാക്കാവ് വരെയുള്ള ഭാഗത്ത് പഞ്ചായത്ത് പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും ഭാരവാഹനങ്ങളുടെ സഞ്ചാരം മൂലം യാതൊരു പ്രയോജനവും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ 15 വർഷമായി പഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രതിനിധീകരിക്കുന്ന വാർഡിലെ റോഡിനാണ് ഈ ദുരവസ്ഥ ഉണ്ടായത് എന്നതാണ് ഏറെ കൗതുകം. വർഷങ്ങളുടെ കാത്തിരിപ്പുനോടുവിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇറിഗേഷൻ വകുപ്പ് മുഖേന അനുവദിച്ച ഫണ്ടിൽ നിന്നാണ് ടാറിങ് പൂർത്തിയാക്കിയത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല.







നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പലതവണ മാധ്യമങ്ങളിൽ റിപ്പോർട്ട് വരികയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി തവണ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതോടെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പല തവണ മുടങ്ങി. പിന്നീട് ജലജീവന്‍ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാനായി റോഡിൽ കുഴിയെടുത്തതോടെ മാസങ്ങളോളം ഗതാഗതം ഏറെക്കുറെ അസാധ്യമായിരുന്നു. ജലജീവന്‍ മിഷൻ കരാറുകാർക്ക് വൻതുക കുടിശികയായതോടെ കരാറുകാരൻ പണി നിർത്തിവച്ചതിനെ തുടർന്ന് മാസങ്ങളോളം ഈ റോഡിന്റെ പണി മുടങ്ങിക്കിടന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കരാറുകാരുടെ കുടിശ്ശിക ഭാഗികമായി തീർക്കാൻ തയ്യാറായതോടെയാണ് മെയ് മാസത്തിൽ ടാറിങ് പൂർത്തിയാക്കിയത്. എന്നാൽ പുതിയ ടാറിങ്ങിന് പലയിടത്തും നൂറ് ദിവസം പോലും ആയുസ്സുണ്ടായില്ല. ആദ്യ മഴയിൽ തന്നെ റോഡിന്റെ പല ഭാഗത്തും ടാറിങ് ഒലിച്ചു പോയി. നിർമ്മാണത്തിലെ നിലവാരമില്ലായ്മയാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു.
റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. സർക്കാരിന്റെ റണ്ണിംഗ് മൈന്റനെൻസ് കോൺട്രാക്ടിൽ ഒരു വർഷത്തെ ഗ്യാരണ്ടിയുള്ള റോഡ് ആണ് നൂറ് ദിവസം പോലും ആയുസ്സില്ലാതെ പൊളിഞ്ഞു തുടങ്ങിയത്. റോഡ് നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും അറ്റകുറ്റപ്പണി നടത്താത്ത കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു