വാക്കുകളിൽ നിയന്ത്രണം വേണമെന്ന് ബി.ജെ.പി: വഴങ്ങാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ:കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശങ്ങള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനകത്ത് കടുത്ത നിരാസം സൃഷ്ടിച്ചു. വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്നും വിവാദങ്ങള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം നിർദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ജനക്കൂട്ടത്തിനിടയില്‍ പലപ്പോഴും അതിരുവിട്ട പെരുമാറ്റമാണ് സുരേഷ് ഗോപി കാട്ടുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ സമ്മതിക്കുന്നു. ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതു പതിവാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ സാധാരണക്കാരോടുള്ള ധിക്കാരപരമായ ഭാഷ പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്ന് പല നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു.സംസ്ഥാനനേതൃത്വം ഇടപെട്ടതിന് പിന്നാലെ, പരാതി പറയാന്‍ എത്തുന്നവരോട് സഭ്യമായി സംസാരിക്കണമെന്ന നിർദേശമാണ് മന്ത്രിക്ക് നല്‍കിയതെന്നാണ് സൂചന. പരിപാടികളില്‍ പങ്കെടുക്കുന്ന ജനങ്ങളോടുള്ള പെരുമാറ്റത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരെയും ഇത്തരം പരിപാടികളില്‍ ഉള്‍പ്പെടുത്തണമെന്നും നിർദേശമുണ്ട്.എന്നാല്‍, ഇത്തരം നിർദേശങ്ങൾക്ക് മുൻപിൽ വഴങ്ങാന്‍ താൽപര്യമില്ലന്ന മട്ടിലാണ് സുരേഷ് ഗോപി. കേന്ദ്രനേതാക്കളുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്. ജില്ലാ തല നേതാക്കള്‍ക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പാര്‍ട്ടിയ്ക്കുള്ളിലെ വിമര്‍ശനം. എം.പി ഓഫിസ് നേരിട്ടാണ് പരിപാടികള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. പലപ്പോഴും പി.ആര്‍ ഏജന്‍സികളാണ് ഇവയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന ആക്ഷേപവും ഉയരുന്നു.

Advertisements

Hot Topics

Related Articles