കേരളത്തിലെ സ്കൂളുകളിലേക്ക് ഇനി ചലിക്കുന്ന റോബോട്ടുകൾ; 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്ക് ടെൻഡർ ക്ഷണിച്ച് കൈറ്റ്

തിരുവനന്തപുരം: സ്‌കൂളുകളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചു. എല്ലാ ഹൈസ്‌കൂളുകളിലെയും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ ഈ കിറ്റുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആർഡിനോ യൂനോ 3 ഉൾപ്പെടെ 15 ഓളം ഘടകങ്ങൾ അടങ്ങുന്ന 29000 റോബോട്ടിക് കിറ്റുകൾ നേരത്തെ സ്‌കൂളുകൾക്ക് കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്. 

Advertisements

ഈ അധ്യയനവർഷം മുതൽ നാല് ലക്ഷത്തിലധികം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന വിധം റോബോട്ടിക്‌സ് പഠനം ഇപ്പോൾ ഐസിടി പാഠ്യ പദ്ധതിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഐ.ഒ.ടി ഉപകരണങ്ങൾ ഉൾപ്പെടെ തയ്യാറാക്കാൻ സഹായിക്കുന്ന പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതിയ കിറ്റിൽ ഐ.ഒ.ടി. സംവിധാനം ഒരുക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളുള്ള ഇ എസ് പി 32 അധിഷ്ഠിതമായ ഡെവലപ്‌മെന്റ് ബോർഡാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ. മോഷൻ, ലൈൻ ട്രാക്കിംഗ് സെൻസറുകൾ ഉൾപ്പെടെയുള്ള സെൻസറുകളുടെ ഒരു നിരയും കിറ്റിൽ ലഭ്യമാണ്. കൂടാതെ, ഒരു 4ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, ഒരു സബ്‌മെഴ്‌സിബിൾ മിനി വാട്ടർ പമ്പ്, ഒരു റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവയും അഡ്വാൻസ്ഡ് കിറ്റിന്റെ ഭാഗമാകും. വൈവിധ്യമാർന്ന മോഡലുകൾ നിർമ്മിക്കാൻ ഇത് കുട്ടികളെ സഹായിക്കും.

പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് ഓട്ടോമാറ്റിക്കായി വെള്ളം ഒഴിക്കാനുള്ള സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന ഉപകരണം, വായു ഗുണനിലവാര പരിശോധനാ സൗകര്യം, സ്മാർട്ട് എനർജി സേവിങ് ഡിവൈസ്, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ നിർമിക്കാൻ അഡ്വാൻസ്ഡ് കിറ്റുകൾ വിദ്യാർത്ഥികളെ സഹായിക്കും. വിവിധ പ്രോജക്ടുകൾ തയ്യാറാക്കുന്നതോടൊപ്പം ഇലക്ട്രോണിക് സർക്യൂട്ടുകളെക്കുറിച്ച് പഠിക്കാനും അവയിലെ പ്രശ്‌നങ്ങൾ കണ്ടെത്താനും, ബ്ലോക്ക് കോഡിങ്, പൈത്തൺ, സി മുതലായവ ഉപയോഗിച്ച് ഇവയിൽ പ്രോഗ്രാമിങ് ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.

കേരള സർക്കാരിന്റെ ഇ-ടെൻഡർ പോർട്ടലായ www.etenders.kerala.gov.in വഴി ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 ആണ്. ഡിസംബറോടെ പുതിയ കിറ്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിറ്റിൽ കൈറ്റ്‌സ് കരിക്കുലം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി കൈറ്റ് പരിശീലനം നൽകും.

Hot Topics

Related Articles