ഈ സാലാ കപ്പ് ആർ സി ബിയ്ക്ക് : വനിതാ പ്രീമിയർ ലീഗ് കിരീടം ബാംഗ്ലൂരിന് 

മുംബൈ : വിമണ്‍സ് പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. 16 സീസണുകളായി പുരുഷ ടീമിന് സാധിക്കാത്ത നേട്ടമാണ് വെറും രണ്ട് സീസണ്‍ മാത്രം പ്രായമുള്ള വനിതാ ടീം നേടിയിരിക്കുന്നത്. കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിനാണ് അവര്‍ തോല്‍പ്പിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. സോഫി ഡിവൈന്‍ 32(27), സ്മൃതി മന്ദാന 31(39), എലീസ് പെറി 34*(37), റിച്ച ഘോഷ് 17(14) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. നാല് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ആര്‍സിബിയുടെ യുവതാരം ശ്രീയങ്ക പട്ടേലാണ് കളിയിലെ താരം. ഒന്നാം സീസണിലും ഫൈനലിലെത്തിയ ഡല്‍ഹി വനിതകള്‍ അന്ന് മുംബയ് ഇന്ത്യന്‍സ് വനിതകളോട് തോല്‍വി വഴങ്ങിയിരുന്നു. ഇത്തവണയും അവര്‍ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Advertisements

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സ് എന്ന തകര്‍പ്പന്‍ തുടക്കത്തിന് ശേഷമാണ് ഡല്‍ഹി ബാറ്റിംഗ് തകര്‍ച്ച നേരിട്ടത്. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മെഗ് ലാനിംഗ് 23(23), ഷഫാലി വര്‍മ 44(27) എന്നിവര്‍ തകര്‍ത്തടിച്ചു. എന്നാല്‍ പിന്നീട് വന്നവരില്‍ ജെമീമ റോഡ്രിഗ്‌സ് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്ക് തിളങ്ങാനായില്ല. 12 റണ്‍സെടുത്ത രാധ യാദവ്, 10 റണ്‍സ് എടുത്ത അരുന്ധതി റെഡ്ഡി എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീയങ്ക പട്ടേല്‍ ആണ് ഡല്‍ഹിയെ തകര്‍ത്തത്. സോഫി മോളിനിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി താരം ആശ ശോഭന രണ്ട് വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles