കോട്ടയം : ആനുകൂല്യങ്ങൾ നിഷേധിച്ചും തസ്തികകൾ വെട്ടിക്കുറച്ചും വ്യാപക പിൻവാതിൽ നിയമനങ്ങൾ നടത്തി സംസ്ഥാനത്ത് സർക്കാർ സേവനങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ഇല്ലാതാക്കാനുള്ള ശ്രമം ജീവനക്കാരും അധ്യാപകരും പൊതു സമൂഹവും ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് തോൽപ്പിക്കണമെന്ന് യു.റ്റി.ഇ എഫ്. ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ യുണൈറ്റഡ് ടീച്ചേഴ്സ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ (യു ടി ഇ എഫ്) ൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഓണക്കാലത്ത് ശമ്പളം മുൻകൂറായി നൽകി വരുന്നതാണ്. എന്നാൽ ഓണം മാസാവസാനവും ഇനി മറ്റ് പ്രവൃത്തി ദിവസങ്ങൾ ഇല്ലാതിരിക്കെയുമാണ് ശമ്പളം നൽകാത്തത്. അർഹതപ്പെട്ട ശമ്പളം പോലും നിഷേധിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ക്ലാസ് ഫോർ ജീവനക്കാർക്ക് പോലും ബോണസില്ല. പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ എല്ലാം കവർന്നെടുത്തു കൊണ്ടിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷാമബത്ത, ലീവ് സറണ്ടർ എന്നിവ തടഞ്ഞ് വച്ചിരിക്കുന്നു .മെഡിസെപ്പിൻ്റെ പേരിൽ നടക്കുന്നത് പകൽ കൊള്ളയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകി രണ്ട് തവണ അധികാരത്തിൽ വന്നിട്ടും പദ്ധതി പിൻവലിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല .വിദ്യാഭ്യാസ മേഖല രാഷ്ട്രീയ വൽക്കരിച്ചു.യൂണിവേഴ്സിറ്റികളുടെ സ്വയംഭരണം ഇല്ലാതാക്കി. .രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റങ്ങൾ നിർബ്ബാധം തുടരുന്നു.
കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നതായി സർക്കാരിൻ്റെ കണക്കുകളിൽ കാണാം .ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ജീവനക്കാരേയും അധ്യാപകരേയും ശ്വാസം മുട്ടിക്കുന്നത് .ആനുകൂല്യനിഷേധങ്ങൾക്കെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
യു ടി ഇ എഫ് ജില്ലാ ചെയർമാൻ രഞ്ചു കെ മാത്യൂ അധ്യക്ഷത വഹിച്ചു. എ.എം. ജാഫർ ഖാൻ ,എം.ജെ.തോമസ് ഹെർബ്ബിറ്റ് , വി.പി. ദിനേശ് ,ബോബിൻ വി.പി., അബ്ദുൽ റഹ്മാൻ ,സതീഷ് ജോർജ്, എസ്.പ്രസന്നകുമാർ ,ജെ.എഡിസൺ ,അഷറഫ് പറപ്പള്ളി ,നാസർ മുണ്ടക്കയം ,റഹിം ഖാൻ, സലാഹുദ്ദീൻ ,സോജോ തോമസ് , ജോർജ് ആൻ്റണി ,അരുൺ ജി ദാസ് , പി.സി. മാത്യു , പി..എച്ച്.ഹാരിസ് മോൻ എന്നിവർ സംസാരിച്ചു .