ശിവ്‌രാജ് സിംഗ് ചൗഹാന് അഞ്ചാമത് ഒരു അവസരം ലഭിക്കുമോ ? പാര്‍ട്ടി പറയുന്നത് അനുസരിക്കും : ശിവരാജ് സിംഗ് ചൗഹാന്‍

മധ്യപ്രദേശ്: ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ കവച്ചുവയ്ക്കുന്ന പ്രകടനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തുടര്‍ച്ച. മദ്ധ്യപ്രദേശില്‍ കമല്‍നാഥിന്റെ കോണ്‍ഗ്രസിനെ നിലംതൊടാനനുവദിക്കാതെയുള്ള തകര്‍പ്പന്‍ ജയത്തിന്റെ ആവേശത്തിലാണ് പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും. എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാര്യമാക്കേണ്ടതില്ലെന്നും 160+ സീറ്റുകളില്‍ വിജയമുണ്ടാകുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്ത് ഏറ്റവും അധികം ദിവസങ്ങള്‍ മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന ബിജെപി നേതാവായ ശിവ്‌രാജ് സിംഗ് ചൗഹാന് അഞ്ചാമത് ഒരു അവസരം ലഭിക്കുമോ എന്നതില്‍ ഒരു ഉറപ്പും ഇല്ല. 2005 മുതല്‍ 2018 വരെ മൂന്ന് തവണ തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച അദ്ദേഹം 2018ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനമൊഴിഞ്ഞു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കി.

Advertisements

കൃത്യം ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞപ്പോള്‍ ഓപ്പറേഷന്‍ താമരയിലൂടെ ബിജെപിയും ശിവ്‌രാജ് സിംഗ് ചൗഹാനും അധികാരത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ മാര്‍ച്ച്‌ 17ന് ആണ് രമണ്‍ സിംഗിനെ പിന്തള്ളി ഏറ്റവും അധികം കാലം ബിജെപി മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന വ്യക്തിയെന്ന റെക്കോഡ് ചൗഹാന്‍ സ്വന്തം പേരിലാക്കിയത്. മദ്ധ്യപ്രദേശില്‍ ഡബിള്‍ എഞ്ചിന് സര്‍ക്കാരിന് തുടര്‍ച്ചയെന്ന വാദമാണ് പ്രചാരണത്തില്‍ ചൗഹാന്‍ സ്വീകരിച്ച നിലപാട്. കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൗഹാനില്‍ വലിയ താത്പര്യമില്ലെങ്കിലും കേന്ദ്രപദ്ധതികളുടെ പ്രചാരണം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയെന്ന നയമാണ് പ്രചാരണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശര്‍മ്മയും മുഖ്യമന്ത്രി ചൗഹാനും സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിനുള്ള താത്പര്യക്കുറവാണ് ചൗഹാന് വെല്ലുവിളി. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിട്ടും മദ്ധ്യപ്രദേശില്‍ നില കൂടുതല്‍ മെച്ചപ്പെടുത്തിയുള്ള ജയവും അതിന് പിന്നിലെ ചൗഹാന്‍ മാജിക്കും കേന്ദ്രത്തിന് അവഗണിക്കാനും കഴിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്ധ്യപ്രദേശില്‍ ചൗഹാനല്ലെങ്കില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ വി.ഡി ശര്‍മ്മ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീണേക്കാം. അത്തരമൊരു നേതൃമാറ്റം തകര്‍പ്പന്‍ ജയത്തിന്റെ ശോഭകെടുത്തുമെന്നതിനാല്‍ കാലാവധി വീതിച്ചുള്ള മുഖ്യമന്ത്രി സ്ഥാനമെന്ന ഫോര്‍മുലയിലേക്കും കാര്യങ്ങള്‍ എത്തിയേക്കാം. ജനസമ്മിതിയുള്ള നേതാവാണ് ചൗഹാന്‍. വ്യാപം അഴിമതിയുള്‍പ്പെടെ കൊടുന്പിരികൊണ്ടുനിന്ന സമയത്തും ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, അഞ്ചാമതു മുഖ്യമന്ത്രിയാകുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ നിന്ന് നയപരമായി ഒഴിഞ്ഞുമാറുകയാണ് ചൗഹാന്‍ കഴിഞ്ഞ ദിവസം ചെയ്തത്. തകര്‍പ്പന്‍ ജയം നേടുമെന്ന് ആത്മവിശ്വാസം ആദ്യം മുതല്‍ പ്രകടിപ്പിച്ച അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത് ബിജെപി സിന്ദാബാദ് എന്ന് മാത്രം പറഞ്ഞുകൊണ്ടാണ്. പാര്‍ട്ടിയാണ് തനിക്ക് എല്ലാമെന്നും പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നുമാണ് ചൗഹാന്റെ നിലപാട്.

Hot Topics

Related Articles